തിരുവനന്തപുരം : ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ചോരവീഴാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. വിശ്വാസികളെ എതിര്‍ക്കലല്ല സംരക്ഷിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം. വിശ്വാസികളുടെ മറവില്‍ ചിലര്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ യുവതീപ്രവേശന വിധിയെ എല്ലാവരും ആദ്യം അംഗീകരിച്ചിരുന്നു. എല്ലാ യുവതികളും ശബരിമലയില്‍ കയറണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. പക്ഷെ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ പോകാന്‍ കഴിയും. അതിന് സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള ധൃതിയും കാണിച്ചിട്ടില്ല.
ശബരിമലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങള്‍ വന്നു. അവര്‍ ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കയ്യേറ്റം ചെയ്തു. ഇത് രാജ്യാന്തര തലത്തില്‍ വരം കേരളത്തിന് അവമതിപ്പുണ്ടാക്കി. ക്രമസമാധാന പ്രശ്‌നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്. നിയമം കയ്യിലെടുക്കാന്‍ ആരെങ്കിലും വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കാനോ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കാനോ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെയും പരിസരപ്രദേശത്തെയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. അക്രമസാധ്യത ഉള്ളിടത്തോളം നിയന്ത്രണങ്ങളും തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനാണ്. നടപ്പന്തല്‍ കേന്ദ്രമാക്കി സമരം നടത്താനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണ്. ഇത് സമരഭൂമിയാക്കി മാറ്റാന്‍ അനുവദിക്കില്ല.
ശബരിമലയെ അയോധ്യയാക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചത്. അയോധ്യയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യവും മുഖ്യമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. ശബരിമലയില്‍ സിപിഎം-ബിജെപി അഡ്ജസ്റ്റ്മെന്റാണെന്ന യുഡിഎഫ് ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഡല്‍ഹിയില്‍ ഒരാള്‍ ഇരുന്നില്ലേ. അതാണ് അഡ്ജസ്റ്റ്മെന്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാണ്‍ഗ്രസും ബിജെപിയും ശബരിമലയില്‍ ഒന്നിച്ചാണു സമരം ചെയ്യുന്നത്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങി. കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്ന് സിപിഐ എം ആഗ്രഹിച്ചിട്ടില്ല. ബിജെപിയുമായി ഒന്നിച്ചു നില്‍ക്കാനുള്ള പ്രവണത കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നാമജപത്തിനു തടസമില്ല. എന്നാല്‍ അക്രമികള്‍ ശബരിമലയില്‍ നാമം ജപിച്ചാല്‍ അക്രമികളല്ലാതാകില്ല. കേരളത്തില്‍ എവിടെയെല്ലാം നാമജപം നടന്നു. എന്തെങ്കിലും പ്രയാസം ഉണ്ടായോ- മുഖ്യമന്ത്രി ചോദിച്ചു.
