ആലപ്പുഴ: തന്ത്രിമാരും മനുഷ്യരാണെന്നും അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മഹാബഹുജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ നിലയില്‍ സര്‍ക്കാരുമായി തന്ത്രിമാര്‍ ഗുസ്തിക്കു വരാറില്ല. തന്ത്രിമാരും മനുഷ്യരാണ്. അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ട്. നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനവലയത്തില്‍പ്പെട്ട് ചിലര്‍ വഴിതെറ്റി പോയേക്കാം. തന്ത്രിമാരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ പ്രശ്നങ്ങളുണ്ടാക്കില്ല. തന്ത്രിസമൂഹം മുഴുവന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു നടക്കുന്നവരെന്ന ധാരണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ തന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിമാരെ നുള്ളിനോവിക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന.
