ന്യൂഡല്‍ഹി: ശബരിമലയില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
ഹൈക്കോടതി മുന്‍ ജഡ്ജിയും ദേവസ്വം ഓംബുഡ്സ്മാനുമായ ജസ്റ്റീസ് പി.ആര്. രാമന്, ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയര്‍മാനായ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എസ്. സിരിജഗന്, ഫയര്‍ഫോഴ്സ് ഡിജിപി എ. ഹേമചന്ദ്രന് എന്നിവരാണു സമിതി അംഗങ്ങള്‍.
ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്നംഗ സമിതിയില്‍ നിക്ഷിപ്തമാകുന്ന വിധത്തിലാണു സമിതിക്കു രൂപം നല്‍കിയിരിക്കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും ഇടപെടാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ട്. ദേവസ്വം ബോര്‍ഡിനും പോലീസിനും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്കാന് സമിതിക്ക് അധികാരമുണ്ട്.
സമിതിയിലെ ഒരംഗം എല്ലാ സമയത്തും സന്നിധാനത്തുണ്ടാകുമെന്നാണു സൂചന. അങ്ങനെ വന്നാല്‍ ശബരിമലയിലെ എല്ലാക്കാര്യവും മേല്‍നോട്ടസമിതിക്കു വിധേയമാകും. മേല്‍നോട്ടസമിതിയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ വരുമെന്നതു സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതോടെ സര്‍ക്കാറിന് ശബരിമലയില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
