തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പ്രതിപക്ഷം ശബരിമല വിഷയം ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമലയിലെ വിഷയത്തിന്‍റെ പേരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സമരം ചെയ്യുന്ന പ്രതിപക്ഷ എംഎല്‍എയുമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ന് സഭയില്‍ പ്രതിഷേധം തുടങ്ങിയത്.
പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള സ്പീക്കര്‍ ആദ്യം റദ്ദാക്കി. സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്നും പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. തുടര്‍ന്നാണ് ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചത്. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനു മുന്നിലേയ്ക്ക് വന്നു. പ്രതിപക്ഷ ബഹളം തുടര്‍ന്നെങ്കിലും മുഖ്യമന്ത്രി മറുപടി തുടര്‍ന്നു കൊണ്ടേയിരുന്നു.
45 മിനിറ്റോളം മറുപടി തുടര്‍ന്നതോടെ പ്രതിപക്ഷ നേതാവ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് എഴുന്നേറ്റു. ഇതോടെ ബഹളം ഉച്ചസ്ഥിതിയിലായി. ചോദ്യോത്തരവേള റദ്ദാക്കിക്കൊണ്ട് ശബരിമലയിലെ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെങ്കിലും സ്പീക്കര്‍ അതനുവദിച്ചില്ല.
ചോദ്യോത്തരവേളയിലെ അംഗങ്ങളുടെ ഉപചോദ്യം ചോദിക്കാനുള്ള അവസരം നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ 10.15 ഓടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷണന് അറിയിച്ചു.
