തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി കെ.പി.സി.സി നേതൃത്വത്തില്‍ സമൂല അഴിച്ചുപണിക്ക് നേതൃത്വം ഒരുങ്ങുന്നു. ഈ മാസം 20നകം പുനഃസംഘടന സാദ്ധ്യമാക്കുകയെന്ന ദൗത്യവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് യാത്രയെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും എ.കെ. ആന്റണിയുമായും മുല്ലപ്പള്ളി പുനഃസംഘടന ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്.
പ്രവര്‍ത്തകസമിതി അംഗമായ ഉമ്മന്‍ചാണ്ടിയുമായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി പ്രാഥമികചര്‍ച്ച നടത്തി. പുനഃസംഘടന അനിവാര്യമാണെന്ന നിലപാടിലാണ് പ്രസിഡന്റ്. പുതിയ പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാരും എത്തിയതോടെ നിലവിലെ കെ.പി.സി.സി നേതൃത്വം ഇല്ലാതായി. ഇന്ദിരാഭവനിലെ പലരുടെയും ഓഫീസ് മുറികളും ഒഴിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂട്ടായ നേതൃത്വമില്ലാതെ ഒറ്റയ്ക്ക് കാര്യങ്ങള്‍ നീക്കാനാവില്ലെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തല്‍. എം.ഐ. ഷാനവാസ് അന്തരിച്ചതിനാല്‍ കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനുമാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായുള്ളത്. ഇന്ദിരാഭവനിലെ ഓഫീസ് ചുമതലയുള്ള കൊടിക്കുന്നില്‍ സുരേഷാണ് മുല്ലപ്പള്ളിയെ സഹായിക്കാനുള്ളത്. സുധാകരനാകട്ടെ മലബാര്‍ മേഖലയിലാണ് കാര്യമായി കേന്ദ്രീകരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ വീണ്ടും മത്സരിക്കാനുള്ള സാദ്ധ്യത നേതൃത്വം തള്ളുന്നില്ല. ഈ സ്ഥിതിക്ക് തിരഞ്ഞെടുപ്പാവുമ്ബോള്‍ പ്രസിഡന്റ് ഒറ്റയ്‌ക്ക് എല്ലാം ചെയ്യുക അസാദ്ധ്യമാണ്. അതിനാലാണ് അഴിച്ചുപണി എത്രയും വേഗം വേണമെന്ന് മുല്ലപ്പള്ളി ആഗ്രഹിക്കുന്നതും.
അതേസമയം, ഷാനവാസിന് പകരം പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് തത്കാലം ഉണ്ടാവില്ലെന്നാണ് സൂചന. വൈസ് പ്രസിഡന്റ് സ്ഥാനം നിലനിറുത്തിയാവും അഴിച്ചുപണി. വി.ഡി. സതീശന്‍, ലാലി വിന്‍സന്റ്, ഭാരതീപുരം ശശി എന്നിവരില്‍ സതീശന്‍ എന്തായാലും വൈസ് പ്രസിഡന്റായി വരാനിടയില്ല. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം തന്നെ നിരസിച്ചയാളാണ് അദ്ദേഹം.
ജനറല്‍സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താത്പര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള അഴിച്ചുപണിക്കാണ് സാദ്ധ്യത. നിലവിലെ ഭാരവാഹികളില്‍ മൂന്നിലൊന്ന് പേരെ നിലനിറുത്തിയുള്ള അഴിച്ചുപണിക്ക് സാദ്ധ്യത കല്പിക്കപ്പെടുന്നുണ്ട്. ഒരാള്‍ക്ക് ഒരു പദവി വ്യവസ്ഥ കര്‍ശനമാക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗികതയായിരിക്കും നോക്കുക.
