ഏഴ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ബന്ധുക്കള്‍

കൊല്‍ക്കത്ത: ഏഴ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിലാണ് 
കഴിഞ്ഞ ദിവസം അരുംകൊല നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും ദേശീയ പാതയില്‍ വ്യാപക പ്രതിഷേധപ്രകടനങ്ങള്‍ അഴിച്ച്‌ വിടുകയും പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് അസന്‍സോളിലെ അഡീഷണല്‍ കമ്മീഷണറായ ലക്ഷ്മി നാരായണ്‍ മീണ പറഞ്ഞു. എന്നാല്‍ പ്രതികളെ പിടികൂടുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ബന്ധുക്കളുടെ തീരുമാനം.കഴിഞ്ഞ ദിവസമാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സാധനം വാങ്ങാന്‍ പുറത്ത് പോയ കുട്ടിയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. തെരച്ചിലിനൊടുവില്‍ പരിസരപ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പ്രതിഷേധപ്രകടനങ്ങളുമായി ബന്ധുക്കള്‍ തെരുവിലിറങ്ങിയത്. അതേ സമയം സംഭവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ ചിലരെ അറസ്റ്റ് ചെയ്തതായും തുടരന്വേഷണം ഉര്‍ജിതപ്പെടുത്തിയതായും ലക്ഷ്മി നാരായണ്‍ മീണ എ എന്‍ ഐയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *