പാട്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം. നവാഡയിലെ രാഷ്ട്രീയ ജനതാ ദള്‍(ആര്‍ ജെ ഡി) എം എല്‍ എയായ രാജ് ബല്ലഭ് യാദവിനെയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2016ല്‍ നടന്ന പീഡന കേസിലാണ് പാട്നയിലെ പ്രാദേശിക കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജീവപര്യന്തത്തോടൊപ്പം 50,000രൂപ പിഴയും രാജ് ബല്ലഭിന് വിധിച്ചിട്ടുണ്ട്.
രാജ് ബല്ലഭിന് പുറമേ നാല് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കൂടി കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതില്‍ പീഡനത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ട് പേര്‍ക്ക് 20,000രൂപ പിഴയും ജിവപര്യന്തവും മറ്റുള്ളവര്‍ക്ക് 10,000 രൂപ പിഴയും തടവുമാണ് വിധിച്ചിട്ടുള്ളത്. ഡിസംബര്‍ 16ന് എം എല്‍ എ ഉള്‍പ്പടെ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ഡിസംബര്‍ 21ന് കേസില്‍ വാദം കേട്ട കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
2016 ഫെബ്രുവരി ആറിന് കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ബന്ധുകൂടിയായ സുലേഖ കള്ളം പറഞ്ഞ് എം എല്‍ എയുടെ വസതിയില്‍ കുട്ടിയെ എത്തിച്ചു. ഇവിടെ വെച്ച് കുട്ടിയെ രാജ് ബല്ലഭും മറ്റ് രണ്ട് പേരും ചേര്‍ന്ന് ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേ സമയം സംഭവം പുറത്ത് പറയാതിരിക്കാന്‍ തങ്ങളെ ഭീഷണിപ്പെടുത്തിരുന്നതായി ഇവരുടെ പരാതിയില്‍ പറയുന്നു. 2016 ഫെബ്രുവരി 14ന് രാജ് ബല്ലഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും നിയമസഭയിലെ അംഗത്വ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇയാള്‍ 2016 നവംബര്‍ 24ന് നല്‍കിയ ജാമ്യാപേഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ് ബല്ലഭ് കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. രാജ് ബല്ലഭിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം 376(പീഡനം)പോസ്‌കോ എന്നിവയാണ് ചുമത്തിരിക്കുന്നത്. സുലേഖക്ക് ജീവപര്യന്തവും 10,000രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
