തറപറ്റിക്കാന്‍….?…

തവനൂര്‍: മലപ്പുറത്തെ തിരഞ്ഞെടുപ്പു മാമാങ്കത്തില്‍ പൊടിപാറുന്ന പോരാട്ടത്തിന് ഇത്തവണയും തവനൂര്‍ സാക്ഷ്യം വഹിക്കുമെന്നുറപ്പ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.ടി.ജലീലിന്റെ സാന്നിദ്ധ്യമാണ് തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തെ വീറുറ്റതും കടുപ്പമേറിയതുമാക്കുക. 2006 ല്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് കുറ്റിപ്പുറത്തുനിന്നു തുടങ്ങിയ ജലീലിന്റെ തേരോട്ടം മൂന്നാം അങ്കത്തിലാണ് എത്തിനില്‍ക്കുന്നത്. നിയമസഭാ നിയോജകമണ്ഡലം വിഭജനത്തെ തുടര്‍ന്ന് 2011 ല്‍ നിലവില്‍ വന്ന തവനൂര്‍ മണ്ഡലത്തില്‍ ഇത്തവണയും ജലീല്‍ തന്നെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. മണ്ഡലം രൂപീകൃതമായ 2011 ലെ തിരഞ്ഞെടുപ്പില്‍ 6854 വോട്ടിനാണ് കെ.ടി.ജലീല്‍ തിരഞ്ഞെടുക്കപ്പെട്ടത്. കെ.പി.സി.സി സെക്രട്ടറി വി.വി.പ്രകാശായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കെ.ടി.ജലീലിന്റെ തേരോട്ടത്തിന് തടയിട്ടേ മതിയാകൂവെന്ന ദൃഢനിശ്ചയത്തോടെയാണ് യു.ഡി.എഫ് പോരാട്ടത്തിനിറങ്ങുന്നത്. ജലീലിനെ ഇത്തവണ തോല്‍പ്പിക്കുകയെന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ മുസ്‌ളിംലീഗാണ് അഭിമാന പ്രശ്‌നമായി കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും കെ.ടി.ജലീലിനെതിരെ ശക്തമായ പ്രചാരണമാണ് മുസ്‌ളിംലീഗ് അഴിച്ചുവിട്ടിരിക്കുന്നത്.
ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പുതന്നെ കെ.ടി.ജലീലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുകേന്ദ്രങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. നിശബ്ദമായ പ്രചാരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാണെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അരഡസനോളം പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി, മുന്‍ എം.പി സി.ഹരിദാസ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.എം.രോഹിത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇഫ്ത്തിക്കറുദ്ദീന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സി.ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കണമന്ന് പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുമുണ്ട്. ഹരിദാസിന് മണ്ഡലത്തിലുള്ള ബന്ധങ്ങള്‍ മത്സരം അനുകൂലമാക്കാന്‍ വഴിയൊരുക്കുമെന്നാണ് പാര്‍ട്ടി ഘടകങ്ങളുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണയും ഹരിദാസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നുവെങ്കിലും അവസാന നിമിഷം വെട്ടിപ്പോവുകയായിരുന്നു.

തവനൂര്‍, എടപ്പാള്‍, കാലടി, വട്ടംകുളം, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതതാണ് തവനൂര്‍ നിയോജക മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് നടത്തിയത്. മംഗലം ഒഴിച്ചുള്ള പഞ്ചായത്തുകള്‍ ഇടതുമുന്നണി സ്വന്തമാക്കി. 2000 ത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടു പഞ്ചായത്തുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇത്തവണ ആറു പഞ്ചാത്തുകളുടെ ഭരണം നേടാനായത് ആത്മവിശ്വാസത്തോടെയാണ് ഇടതുമുന്നണി കാണുന്നത്.ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും ഇടതുമുന്നണിക്കുണ്ട്.

യു.ഡി.എഫ് വോട്ടുകളിലെ ചോര്‍ച്ച തടയാന്‍ കണിശമായ നിലപാടാണ് കോണ്‍ഗ്രസും ലീഗും സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ മുസ്‌ളിംലീഗില്‍ നിന്നുള്‍പ്പെടെ വോട്ടുകള്‍ കെ.ടി.ജലീലിന് ലഭിച്ചിട്ടുണ്ട്. ഇത്തവണ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നേതൃത്വം നേരത്തെ തന്നെ ഇടപെടലുകള്‍ നടത്തിയതായാണ് അറിയുന്നത്. സി.പി.എമ്മിന് സംഘടനാപരമായും അല്ലാതെയും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ സ്വതന്ത്ര ചിഹ്നത്തില്‍ കെ.ടി.ജലീല്‍ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിക്കകത്ത് നേരത്തെയുണ്ടായിരുന്ന അമര്‍ഷം ഇപ്പോഴും നിലനില്‍ക്കുന്നതായി അടക്കംപറച്ചിലുണ്ട്. സ്വതന്ത്ര എം.എല്‍.എ എന്നതുകൊണ്ടു തന്നെ ജലീല്‍ പാര്‍ട്ടി സംവിധാനത്തിന് പൂര്‍ണ്ണ വിധേയനാകുന്നില്ലെന്നതാണ് മറ്റൊരു ആക്ഷേപം. എന്നാല്‍ ഇവയൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതല്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

വികസന രംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷം തവനൂര്‍ മണ്ഡലം വട്ടപൂജ്യമാണെന്ന ആക്ഷേപമാണ് യു.ഡി.എഫ് പ്രചാരണ രംഗത്ത് ഉയര്‍ത്തിക്കാണിക്കുക. കാര്‍ഷിക എന്‍ജിനീയറിംഗ് കോളേജിന്റെ വികസനം, കേളപ്പന്‍ സ്മാരകം, എടപ്പാളിലെ മേല്‍പ്പാലം, പുഴയോര സ്‌നേഹപാത, എന്നിവ നടക്കാത്തത് എം.എല്‍.എയുടെ പിടിപ്പുകേടുകൊണ്ടാണെന്ന ആക്ഷേപം യു.ഡി.എഫ് പ്രചാരണ വിഷയമാക്കും. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റം സാദ്ധ്യമാക്കാനായെന്നതാണ് ജലീല്‍ പ്രതിരോധമായി മുന്നോട്ടുവെക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ ഉണര്‍വ്വും പുതിയ റോഡുകളും വികസന അടയാളങ്ങളായി മുന്നില്‍വെക്കും. 2005 ലെ ബഡ്ജറ്റ് അവതരണ വേളയില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളി രംഗങ്ങളില്‍ ജലീലിന്റെ പങ്ക് ഡോക്യുമെന്ററി രൂപത്തിലാണ് യു.ഡി.എഫ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്.
മണ്ഡലത്തില്‍ തരക്കേടില്ലാത്ത സ്വാധീനം ബി.ജെ.പിക്കുണ്ട്. ബി.ജെ.പി കൂടുതലായി പിടിക്കുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. എടപ്പാള്‍, പുറത്തൂര്‍, തവനൂര്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുണ്ട്. കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയ ജമാഅത്തെ ഇസ്‌ളാമി ഇത്തവണ വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിറുത്തുന്നപക്ഷം നേരിയ വോട്ടിന്റെ ചോര്‍ച്ച അഭിമുഖീകരിക്കേണ്ടിവരും.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കെ.ടി.ജലീല്‍ പ്രകടമാക്കുന്ന മാജിക് ഇത്തവണയും പുറത്തെടുക്കേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യംവഹിക്കുന്ന തവനൂര്‍ വോട്ട് എണ്ണി തീരുംരാഷ്ട്രീയ ശ്രദ്ധ നേടുമെന്നതില്‍ സംശയമില്ല. കെ.ടി.ജലീലിന്റെ എതിരാളി ആരാണെന്നറിയാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *