കോഴിക്കോട്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്ന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഉമ്മന്‍ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കണമെന്നും അതേസമയം ഇനി താന്‍ വടകരയില്‍ മല്‍സരിക്കാനില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നത് പാര്‍ടി തീരുമാനമാണെന്ന് കെ മുരളീധരനും അഭിപ്രായപ്പെട്ടു.
ആരോപണവിധേയനായ ഉമ്മന്‍ചാണ്ടിയെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് കേരള രാഷ്ട്രീയത്തില്‍നിന്ന് നീക്കാനുള്ള ശ്രമമാണോ ഇതെന്ന സംശയം എ ഗ്രൂപ്പിനുണ്ട്. മുന്‍മുഖ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായ ഉമ്മന്‍ചാണ്ടിയെ ഇവിടെനിന്നും മാറ്റി കേന്ദ്രത്തില്‍ അയച്ചാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലക്ക് കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് ഇതിന് പിന്നിലെന്ന് അവര്‍ സംശയിക്കുന്നു. ‘കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.’ എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കെപിസിസി പ്രസിഡന്റായതിനാല്‍ തന് മത്സരിയ്ക്കാനില്ല. വടകരയില്‍ പുതിയ സ്ഥാനാര്‍ത്ഥിയായിരിക്കും യുഡിഎഫിനുണ്ടാകുക. എന്നാല്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാര്‍ത്ഥിത്വമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തിരുന്നു.
കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി ജയിക്കുമെന്നാണ് കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ മുരളീധരന് പറഞ്ഞത്. അതേസമയം മത്സരിക്കണമോ എന്നത് ഉമ്മന്‍ചാണ്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും മുരളീധരന് പറഞ്ഞു.
