കുവൈറ്റില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം മാപ്പു നല്‍കിയതിന് പിന്നാലെ തമിഴ്‌നാട് സ്വദേശിയായ യുവാവിന് കൊലക്കയറില്‍ നിന്നും മോചനം

മലപ്പുറം: കാരുണ്യം നിറഞ്ഞ മഹാമനസ് യുവാവിന് സമ്മാനിച്ചതുകൊലക്കയറില്‍ നിന്നുള്ള മോചനം. കുവൈറ്റില്‍ വച്ച്‌ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴനാട് സ്വദേശിക്കാണ് മലയാളി കുടുംബത്തിന്റെ മഹാ മനസ്‌കതയില്‍ ജീവിതം തിരികെ ലഭിച്ചത്. കൊലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയതിന് പിന്നാലെ ഇയാളുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതു സംബന്ധിച്ച വിവരം കുവൈറ്റിലുള്ള ഇന്ത്യന്‍ എംബസിയില്‍ നിന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. ഇതോടെയാണ് തഞ്ചാവൂര്‍ അത്തിവെട്ടി സ്വദേശി അര്‍ജുന്‍ അത്തിമുത്തുവിന്റെ വധശിക്ഷ ഇളവ് ചെയ്തുവെന്ന് സ്ഥിരീകരണമായത്.

2013 സെപ്റ്റംബര്‍ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തിലായിരുന്നു അര്‍ജുനും കൊല്ലപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവും ജോലിചെയ്തിരുന്നത്. ഇവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അര്‍ജുനനെ പൊലീസ് പിടികൂടുകയും വിചാരണയ്ക്കുശേഷം തൂക്കിക്കൊല്ലാന്‍ വിധിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ ഭാര്യ മാലതിയും മകളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളെ സമീപിച്ചു. മരിച്ചയാളുടെ കുടുംബം മാപ്പുനല്‍കിയാലേ അര്‍ജുന് എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചക്കൊടുവില്‍ 30 ലക്ഷം രൂപ നല്‍കിയാല്‍ (ബ്ലഡ് മണി) മാപ്പുനല്‍കാമെന്ന് സാമ്ബത്തിക പരാധീനതയനുഭവിക്കുന്ന ആ കുടുംബം അറിയിച്ചു. നിത്യച്ചെലവിനുപോലും വകയില്ലാതെ ഒരു വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. തങ്ങളുടെ സാന്നിധ്യത്തില്‍ മാലതിയും മരിച്ച യുവാവിന്റെ മാതാവും തമ്മില്‍ കണ്ടുമുട്ടി. പിന്നീട് തങ്ങളുടെ നേതൃത്വത്തില്‍ത്തന്നെ 25 ലക്ഷം രൂപ സമാഹരിച്ച്‌ മരിച്ച യുവാവിന്റെ മാതാവിന് മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ വെച്ച്‌ കൈമാറി. ബാക്കി അഞ്ചുലക്ഷംരൂപ മാലതിയും സംഘടിപ്പിച്ചിരുന്നു. പണം സ്വീകരിച്ച്‌ അവര്‍ മാപ്പു നല്‍കിയതിന്റെ രേഖ ഡല്‍ഹി എംബസ്സിവഴി കുവൈത്തിലെത്തിയതിനെത്തുടര്‍ന്നാണ് കുവൈത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *