കോഴിക്കോട്: കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ വൈകുന്ന കേരള സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് കത്ത് തിരിച്ചടിയായി. അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സിന് അര്‍ഹതയുണ്ടെന്നറിയിച്ച് കേരളത്തിലെ 18 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കത്തയച്ചു. പദ്ധതി നടത്തിപ്പിനായി ഇന്‍ഷ്വറന്‍സ് കമ്ബനിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അത് ഏറെ ചര്‍ച്ച ചെയ്യപ്പെടും.
നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനോട് തുടക്കത്തില്‍ മുഖം തിരിഞ്ഞതാണ് സംസ്ഥാനത്തിന് വിനയായത്. ആര്.എസ്.ബി.വൈ പദ്ധതിയുള്ളതിനാല്‍ കേരളത്തിന് മോദികെയര്‍ പദ്ധതി ആവശ്യമില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്. മോദികെയര്‍ വെറും ഗിമിക്കാണെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ കേരളം വഴങ്ങുകയായിരുന്നു.
അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ കേന്ദ്രം നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി കേരളം തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടേയുള്ളൂ. കുറഞ്ഞത് രണ്ടു മാസമെങ്കിലും കഴിഞ്ഞേ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളു. ഇതിനിടെയാണ് കേരളത്തിലെ 18 ലക്ഷത്തോളം പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സിന്റെ അര്‍ഹത അറിയിച്ച് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചത്.
സ്പീഡ് പോസ്റ്റിലയച്ച കത്ത് ഇതിനകം സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം പേര്‍ക്ക് കിട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ കിട്ടും. കത്തിനൊപ്പം ഗുണഭോക്താവിന്റെ അര്‍ഹത വ്യക്തമാക്കുന്ന നമ്ബറുമുണ്ട്. കത്തിനോടൊപ്പം ആധാര്‍ കാര്‍ഡും ആശുപത്രിയില്‍ ഹാജരാക്കിയാല്‍ ഇന്‍ഷ്വറന്‍സ് അര്‍ഹതയുണ്ടാകും. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയ്ക്കു പകരം 2011ലെ സാമൂഹ്യ സാമ്ബത്തിക സെന്‍സസ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി കത്തയച്ചത്.
ഇനി എന്ത്
പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നല്‍കണം. കത്ത് കിട്ടിയവര്‍ ചികിത്സ തേടിയെത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന് തലവേദനയാകും. തത്കാലം ആര്.എസ്.ബി.വൈ പദ്ധതി പ്രകാരം നല്കുന്ന 30,000 രൂപാ വരെയുള്ള ചികിത്സ മാത്രമെ സര്‍ക്കാരിന് നല്‍കാനാകൂ. തിരഞ്ഞെടുപ്പ് സമയത്ത് ഇത് വിവാദത്തിന് വഴിവയ്ക്കും.
