ചെന്നൈ: 2019 ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ശക്തമായ പ്രചാരണ പരിപാടികളിലേക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാലെടുത്തുവയ്ക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി പദ്ധതിയിടുമ്ബോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. വിവിധ എക്സിറ്റ് പോളുകളും ബി.ജെ.പിക്കെതിരായ ഫലം പ്രഖ്യാപിക്കുമ്ബോഴും ബി.ജെ.പി ക്യാമ്ബില്‍ ആത്മവിശ്വാസത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. പ്രധാനമന്ത്രിയെയും ഉന്നത നേതാക്കളെയും കളത്തിലറക്കി പ്രചാരണം ശക്തിപ്പെടുത്തി വിജയം കൊയ്യാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്.
ദക്ഷിണേന്ത്യയില്‍ കാര്യമായ വേരോട്ടമില്ലാത്ത ബി.ജെ.പിക്ക് തമിഴ്നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ സീറ്റുറപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.ഇതിനായി ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി ഇന്നെത്തും. തമിഴ്നാട്ടിലെ തിരുപ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കുക. ഫെബ്രുവരി 19ന് മോദി കന്യാകുമാരിയിലും എത്തും. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലമായ കന്യാകുമാരി ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുളള സീറ്റാണ്.
മോദിയുടെ വരവില്‍ ഉന്നമിടുന്ന് സംസ്ഥാനത്തെ കര്‍ഷകരേയും യുവാക്കളേയുമാണ്. ഇതിനെ തുടര്‍ന്ന് കര്‍ഷകരെയും യുവാക്കളെയും ലക്ഷ്യമിട്ട് മോദി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും സൂചനയുണ്ട്. ഇതിനായി റാലിയിലേക്ക് കര്‍ഷകരെ എത്തിക്കാനുളള പണികള്‍ പാര്‍ട്ടിയുടെ ഐ.ടി വിംഗ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. കര്‍ഷകര്‍ക്ക് മുന്‍ നിരയില്‍ സീറ്റ് നല്‍കും എന്ന ഉറപ്പുമായി റാലിയിലേക്ക് കര്‍ഷകരെ ക്ഷണിക്കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഒപ്പം കേന്ദ്ര പദ്ധതികളെ ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നു. രണ്ടായിരത്തോളം കര്‍ഷകരെങ്കിലും റാലിക്ക് എത്തും എന്നാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്. സദസ്സിലെ ആദ്യത്തെ നിര വി.ഐ.പികള്‍ക്കും രണ്ടാമത്തെ നിര കര്‍ഷകര്‍ക്കും വനിതാ നേതാക്കള്‍ക്കുമായി മാറ്റി വെച്ചിരിക്കുകയാണ്. മാത്രമല്ല യുവാക്കളുടെ വലിയ പ്രാതിനിധ്യവും റാലിയില്‍ ഉണ്ടാകും എന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നു.
മോദിയുടെ റാലിയില്‍ അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിലുണ്ടാകും. തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. മോദിയുടെ വരവില്‍ സഖ്യസാധ്യതകളെ കുറിച്ചുളള തീരുമാനവും ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനിച്ച് മത്സരിച്ചാല്‍ തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് സാധ്യതകളൊന്നുമില്ല. എന്നാല്‍ അണ്ണാ ഡി.എം.കെയോട് സഹകരിച്ചാല്‍ നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പി കണക്ക് കൂട്ടുന്നു. 39 ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുളളത്.
