മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്‍കുക. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ പറഞ്ഞു.
റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ എജി ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മുതിരപ്പുഴയാര്‍ കയ്യേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃത നിര്‍മാണം തടയാന്‍ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങള്‍ സത്യവാങ്ങ്മൂലമായി കോടതിയെ ധരിപ്പിക്കാന്‍ സബ് കലക്ടര്‍ തീരുമാനിച്ചത്.
