ശബരിമല നട ഇന്ന് തുറക്കും: യുവതികളെത്തുമെന്ന് സൂചന, നിരോധനാജ്ഞ ഇല്ല

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വെെകിട്ട് അഞ്ചിന് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തുമെന്നും സൂചനയുണ്ട്. സമരം തു‌ടരുമെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കി. തീര്‍ത്ഥാടന കാലത്തെപ്പോലെ പമ്ബ മുതല്‍ സന്നിധാനം വരെ നാമജപവുമായി പ്രതിഷേധക്കാര്‍ തമ്ബടിക്കുമെന്നാണ് സൂചന.

എന്നാല്‍, പ്രതിഷേധക്കാരെത്തുമെന്ന വിവരത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ നട അടയ്‌ക്കുന്ന 17ന് രാത്രി വരെ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡി.വൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സുരക്ഷയ്‌ക്കായി സന്നിധാനത്ത് 425 പൊലീസുകാരും പമ്ബ, നിലയ്ക്‌കല്‍ എന്നിവിടങ്ങളില്‍ 475 പൊലീസുകാരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

മുന്‍പ് ഒരു ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ 50 ല്‍ താഴെ പൊലീസുകാര്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീകോടതി വിധി പറയാന്‍ മാറ്റിയ സാഹചര്യം നിലനില്‍ക്കുമ്ബോഴാണ് ഇന്ന് നട തുറക്കുന്നത്. ദര്‍ശനം നടത്താന്‍ യുവതികള്‍ വീണ്ടുമെത്തുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ച സാഹചര്യത്തില്‍ പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്നും യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ നിലയ്‌ക്കലില്‍ പാര്‍ക്ക് ചെയ്യണം. ഇന്ന് രാവിലെ പത്തിനു ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മാത്രമേ ഭക്തരെയും മാദ്ധ്യമങ്ങളെയും പമ്ബയിലേക്കും സന്നിധാനത്തേക്കും വിടുകയുള്ളൂ. എ.ഡി.ജി.പിമാരായ അനില്‍കാന്തിനും അനന്തകൃഷ്ണനുമാണ് സുരക്ഷാ ചുമതല. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ മൂവായിരം പൊലീസുകാരെ വിന്യസിക്കും.

Leave a Reply

Your email address will not be published. Required fields are marked *