തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണത്തിനു തയാറല്ല, വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെയാണ് മല്സരിപ്പിക്കുകയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും അവസരം നല്‍കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അധ്യക്ഷന്‍ മറുപടി.
ഓരോ മണ്ഡലത്തിനും അനുയോജ്യരായ സ്ഥാനാര്‍ഥിയെക്കുറിച്ച് എഐസിസി മൂന്നു തവണ സര്‍വേ നടത്തിക്കഴിഞ്ഞു. യോഗ്യരായ സ്ഥാനാര്‍ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനമഹായാത്ര അവസാനിച്ച് 25ന് ശേഷം പട്ടിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരത്തന്മാര് വേണ്ടെന്ന് തൃശൂരില്‍ പോസ്റ്റര്‍ ഒട്ടിച്ചതു കോണ്‍ഗ്രസുകാരാണെങ്കില്‍ അച്ചടക്ക നടപടിയെടുക്കും. ബാലിശമായ വാദമാണത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ യോഗ്യരായ സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണു തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ല. വി.എം.സുധീരനും മല്‍സരിക്കില്ലെന്ന് അറിയിച്ചെങ്കിലും മല്‍സരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായം. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റു ചോദിച്ചിട്ടുണ്ടെങ്കിലും സീറ്റു വിഭജന ചര്‍ച്ച ആരംഭിച്ചിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകളില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് വിശ്വാസികള്‍ക്കൊപ്പമാണ്. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കിയ മോദി സര്‍ക്കാരിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരായ ജനവിധിയാണ് വരാനിരിക്കുന്നത്. യുഡിഎഫ് 20 സീറ്റിലും വിജയിക്കും. ആര്‍എംപിയുമായി സഖ്യത്തിനു ചര്‍ച്ച നടത്തിയിട്ടില്ല. അവര്‍ കെപിസിസിയെ സമീപിച്ചിട്ടില്ല. ജനാധിപത്യ മതേതര പ്രസ്ഥാനമെന്ന നിലയില്‍ അവര്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷ. കെപിസിസിയുടെ ഐടി വിഭാഗത്തിന്റെ ചുമതല എ.കെ.ആന്റണിയുടെ മകന് നല്‍കിയത് വിവാദമാക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
