പാര്‍ക്ക് വിശാലം: റോഡ് ‘കടന്നാകുടുങ്ങി’

മലപ്പുറം-വിശാലമായ പാര്‍ക്കിലേക്കുള്ള ഇടുങ്ങിയ റോഡ് ടൂറിസ്റ്റുകളെ വലക്കുന്നു. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കുറ്റിപ്പുറത്തെ നിളയോരം പാര്‍ക്കിലേക്കുള്ള വഴിയാണെന്ന് മലപ്പുറം ജില്ലയില്‍ പലയിടത്തുമുള്ളതുപോലെ ‘കടന്നാകുടുങ്ങി’ റോഡായത്.ഒരു വാഹനത്തിന് മാത്രം പോകാനുള്ള വീതിയിലാണ് റോഡ് ഉണ്ടാക്കിയിരിക്കുന്നത്. എതിരെ മറ്റൊരു വാഹനം വന്നാല്‍ ഗതാഗതം സ്തംഭിക്കും, ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കമാകും.കുറ്റുപ്പുറം-തിരൂര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ പോയാല്‍ പാര്‍ക്കിലേക്കുള്ള റോഡ് എത്തി. ഈ പാതയില്‍ നിന്ന് ഏതാണ്ട് അരകിലോമീറ്റര്‍ ദൂരം പാര്‍ക്കിലേക്ക് മാത്രമായുള്ള വഴിയാണ്. പാര്‍ക്കിലേക്കുള്ള എല്ലാ വാഹനങ്ങളും ഈ ഇടുങ്ങിയ റോഡിലൂടെ കടന്നു പോകണം. വീതി കുറവു മൂലം ഇവിടെ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവാണ്. പാര്‍ക്കിലേക്ക് വരുന്നതിനും തിരിച്ചു പോകുന്നതിനും ഒരു റോഡുമാത്രമുള്ളതാണ് ഗതാഗതകുരുക്ക് മുറുക്കുന്നത്.

പാര്‍ക്കിനുള്ള സൗകര്യങ്ങള്‍ ഏറെയുണ്ട്. നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുള്ള സ്ഥലസൗകര്യം,കുട്ടികള്‍ക്ക് ഓടിക്കളിക്കാനും കുടുംബങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും സൗകര്യമുള്ള പുല്‍മേടുകളും ഇരി്പ്പിടങ്ങളും, ഭാരതപ്പുഴയോട് ചേര്‍ന്ന് നടപ്പാത,കുട്ടികള്‍ക്കായി ചെറിയ അമ്യ്‌സമെന്റ് പാര്‍ക്ക്,ലഘുഭക്ഷണ ശാലകള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇത്രയേറെ സൗകര്യങ്ങളുള്ള പാര്‍ക്കിലേക്ക് കടക്കാന്‍ വീതിയുള്ള റോഡ് മാത്രമില്ല. നിലവിലുള്ള റോഡിനിരുവശത്തും സ്വകാര്യ വ്യക്തികളുടെ പറമ്പും വീടുകളുമാണ്. ഇവരില്‍ നിന്ന് വിലനല്‍കി സ്ഥലം വാങ്ങി റോഡ് വീതി കൂട്ടാവുന്നതാണ്. എന്നാല്‍ ഇതിനായി ശ്രമങ്ങളൊന്നും നടക്കുന്നില്ല.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിന്റെ നിയന്ത്രണത്തിലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം.സാധാരണ ദിവസങ്ങളില്‍ മുന്നൂറിന് മേല്‍ സന്ദര്‍ശകരെത്തുന്ന ഇവിടെ വാരാന്ത്യങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ആയിരങ്ങളാണ് എത്തുന്നത്. ഇവര്‍ക്ക് വാഹനങ്ങള്‍ അകത്തേക്ക് കടത്താന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കണം. പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ് പത്തുരൂപയാക്കി അടുത്തിടെ വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ക്കിംഗിന് 20 രൂപ വീതവും ഈടാക്കുന്നുണ്ട്. വരുമാനമേറെയുണ്ടായിട്ടും പാര്‍ക്കിലേക്കുള്ള വഴി വികസിപ്പിക്കാത്തത് സന്ദര്‍ശകരെ നിരാശരാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *