കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. തലശ്ശേരി പോക്‌സോ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ ആറു പേരെ വെറുതെ വിട്ടിട്ടുണ്ട്.

വടക്കുഞ്ചേരിയുടെ സഹായി തങ്കമ്മ നെല്ലിയാനി, ഡോ. ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, തോമസ് ജോസഫ് തേരകം, ഡോ. ബെറ്റി ജോസഫ് എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍. പെണ്‍കുട്ടി പ്രസവിച്ചത് മറച്ചുവെച്ച്‌ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഒത്താശ ചെയ്തതിനാണ് കൂട്ടുപ്രതികള്‍ക്കെതിരെ കേസ്.

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്ബ്യൂട്ടര്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. സംഭവം പുറത്തറിഞ്ഞതോടെ ഉത്തരവാദിത്തം പിതാവ് ഏറ്റെടുത്ത് കേസ് ഒതുക്കിത്തീര്‍ക്കാനായിരുന്നു ശ്രമം. ആദ്യം പിതാവിന്റെ പേര് പറഞ്ഞ പെണ്‍കുട്ടി പോലീസിന്റെയും ചൈല്‍ഡ് ലൈനിന്റെയും തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് സത്യം പറഞ്ഞത്. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയിരുന്നു. സംഭവസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ പീഡനത്തിനിരയായ സമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളു എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇത് തെളിയിക്കാന്‍ പെണ്‍കുട്ടിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും നഗരസഭയില്‍ നിന്നുള്ള ജനനസര്‍ട്ടിഫിക്കറ്റും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ തുടക്കം മുതല്‍ തന്നെ നീക്കം നടന്നിരുന്നു. വടക്കുഞ്ചേരിയെ രക്ഷിക്കാന്‍ മാനന്തവാടി, തലശ്ശേരി, താമരശ്ശേരി രൂപതകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചതായി ആക്ഷേപവുമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *