തിരുവനന്തപുരം: വാവ സുരേഷിന്റെ സാഹസിക ജീവിതം ഒരു സുപ്രധാന നാഴികകല്ലിലേക്ക് അടുക്കുന്നു. ഉഗ്രവിഷം ചീറ്റുന്ന രാജവെമ്പാലകളെ പിടിക്കുന്നതില്‍ വാവ സെഞ്ചുറി കുറിക്കുന്ന നാള്‍ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ആ ദിനം ഏറെ അകലെയുമാകില്ല.ആയിരക്കണക്കിന് പാമ്പുകളെ പിടികൂടി റെക്കോര്‍ഡുകളിട്ട വാവ സുരേഷ് ഇതിനകം 88 രാജവെമ്പാലകളെ പിടികൂടിക്കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് നാഗമല എസ്റ്റിറ്റില്‍ നിന്ന് ഒരു പെണ്‍വെമ്പാലയെ പിടികൂടിയതോടെയാണ് അദ്ദേഹത്തിന്റെ പട്ടികയില്‍ 88 എണ്ണം പൂര്‍ത്തിയായത്.
നാഗമല എസ്റ്റ്‌റ്റേറ്റിലെ അംഗനവാടി കെട്ടിടത്തടുത്തുള്ള പാറയിടുക്കില്‍ നിന്നാണ് പതിനാല് വയസുള്ള രാജവെമ്പാല വാവ സുരേഷിന്റെ കൈപ്പിടിയിലൊതുങ്ങിയത്. പതിനാറരയടി നീളുമുള്ള ഈ നാഗരാജന് പതിനഞ്ച് കിലോ തൂക്കമുണ്ട്. എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഇവിടെയെത്തി വെമ്പാലയെ ‘ വെറും കയ്യോടെ’ പിടികൂടിയത്.
42 കാരനായ വാവ സുരേഷ് ഇതിനകം പല ഇനങ്ങളില്‍ പെട്ട മുപ്പതിനായിരത്തിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. മുന്നൂറു തവണയെങ്കിലും പാമ്പു കടിയേല്‍ക്കുകയും ചെയ്തു. ആറു തവണ ഉഗ്രവിഷമുള്ള പാമ്പുകള്‍ കൊത്തിയതിനെ തുടര്‍ന്ന് ദിവസങ്ങളോളും ഐ.സിയുവില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ എല്ലാ ഘട്ടങ്ങളിലും ആയുസിന്റെ ബലത്തില്‍ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചെത്തി, കൂടുതല്‍ പാമ്പുകളെ പിടികൂടാന്‍.
കേരളത്തിലെ ഏറ്റവും പ്രശസ്തനായ പാമ്പുപിടിത്തക്കാരനാണ് സുരേഷ്. തന്റെ പന്ത്രണാമത്തെ വയസില്‍ വീടിനടുത്തു നിന്ന് വെമ്പാലയെ പിടികൂടി വീട്ടിലുള്ള രസഹ്യമായി സൂക്ഷിച്ച് അതിന്റെ ചലനങ്ങളും സ്വഭാവരീതികളും നിരീക്ഷിച്ചായിരുന്നു സുരേഷിന്റെ അരങ്ങേറ്റം. പാമ്പിന്റെ സ്വഭാവത്തെ കുറിച്ച് ആധികാരികമായി അറിയുന്ന സുരേഷിനെയാണ് പലപ്പോഴും വന്യജീവി ഗവേഷകരും ഉദ്യോഗസ്ഥരും വിവരങ്ങള്‍ക്കായി ആശ്രയിക്കുന്നത്.പ്രത്യേക സുരക്ഷാ ഉപകണങ്ങളോ സംവിധാനങ്ങളോ ഇല്ലാതെയാണ് പാമ്പുകളെ പിടിക്കുന്നത് എന്നതാണ് സുരേഷിന്റെ പ്രത്യേകത.പിടികൂടിയ പാമ്പുകളെ സുരക്ഷിതമായി കാട്ടിനുള്ളില്‍ വിട്ടയക്കുകയും ചെയ്യും. പാമ്പിന്റെ മുട്ടകള്‍ ശേഖരിച്ച് അവ വിരിയിച്ച് കാട്ടിലേക്ക് കുഞ്ഞുങ്ങളെ വിട്ടയക്കുകയും ചെയ്യാറുണ്ട്.
വന്യജീവി സംരക്ഷണത്തിനായി സുരേഷ് നല്‍കുന്ന സേവനങ്ങള്‍ മാനിച്ച് അദ്ദേഹത്തിന് 2012 ല്‍ അന്ന് മന്ത്രിയായിരുന്ന കെ.ബി.ഗണേഷ്‌കുമാര്‍ വനം വകുപ്പില്‍ ജോലി വാഗ്്ദാനം ചെയ്‌തെങ്കിലും സുരേഷ് അത് നിസരിച്ചു. ഇപ്പോള്‍ താന്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ നല്‍കാനാവില്ലെന്നാണ് സുരേഷ് അതിന് നല്‍കിയ വിശദീകരണം..തിരുവനന്തപുരം റോട്ടറി ക്ലബ്ബ് ഉള്‍പ്പടെ വിവിധ സംഘടനകള്‍ സുരേഷിനെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
