നിര്‍മ്മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം പൂര്‍ത്തിയാകും: എം എം മണി

കൊച്ചി: സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. തമ്മനം 33 കെവി കണ്ടെയ്നര്‍ സബ്സ്റ്റേഷന്റെ ഉദ്ഘാടനവും എറണാകുളം ഭരണ സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുകിട ലൈനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലും വൈദ്യുതി പ്രശ്നം മാറുകയില്ല. അതിനാല്‍ 1000 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്‍പാദനമാണ് സര്‍ക്കാരിന്റെയും വൈദ്യുത ബോര്‍ഡിന്റെയും ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും, ബാക്കി ഡാമുകളില്‍ ഫ്ലോട്ടിങ് സോളാര്‍ സംവിധാനം വഴിയും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 100 മെഗാവാട്ടില്‍ അധികം സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട സേവനം വൈദ്യുത മേഖലയില്‍ നല്‍കുന്ന നമ്മുടെ സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30% മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ സൗരോര്‍ജ്ജ യൂണിറ്റുകള്‍ കൂടാതെ ഇടുക്കിയില്‍ രണ്ടാംഘട്ട പവര്‍ഹൗസ് സ്ഥാപിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിന് അനുമതിയോടെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹായത്തോടെ ആര്‍ എ പി ഡി ആര്‍ പി പദ്ധതിയില്‍ 12 കോടി മുതല്‍മുടക്കിലാണ് തമ്മനം 33 കെ വി കണ്ടെയ്നര്‍ സബ്സ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാലുകോടി രൂപയുടെ ഭരണാനുമതിയില്‍ 969.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളിലായിട്ടാണ് ഭരണ സമുച്ചയം നിര്‍മ്മിക്കുന്നത്. ഇതില്‍ മധ്യമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയം, പാലാരിവട്ടം ഇലട്രിക്കല്‍ സെഷന്‍, പാലാരിവട്ടം സബ് ഡിവിഷന്‍, ഇടപ്പള്ളി ഇലട്രിക്കല്‍ സെഷന്‍ എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. 18 മാസത്തിനുള്ളില്‍ കെട്ടിടത്തിന് നിര്‍മാണം പൂര്‍ത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *