സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി സി പി എമ്മിനെ കടന്നാക്രമിച്ചത്. കാസര്‍കോട് കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തെ കുറിച്ച് പറയുമ്ബോഴാണ് സി പി എമ്മിനെതിരെയുള്ള നേതാവിന്റെ ആക്രോശം.
പെരിയ ഇരട്ടക്കൊലയുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത് കേസ് അട്ടിമറിക്കാനാണെന്നും ഇതില്‍ പ്രാഗല്‍ഭ്യം നേടിയ, സര്‍ക്കാര്‍ കുനിയാന്‍ പറയുമ്ബോള്‍ ഇഴയാം സാര്‍ എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ പോയാല്‍ കേസ് തെളിയില്ലെന്നും അതിനാലാണ് കേന്ദ്ര ഏജന്‍സിയെ അന്വേഷണം എല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിനിടെ ക്യാംപസ് രാഷ്ട്രീയത്തിനിരയായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ വധവും സി പി എം രാഷ്ട്രീയ വത്ക്കരിച്ചുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകം ആണ് അഭിമന്യുവിന്റേതെന്നും അദ്ദേഹം പറഞ്ഞു. ക്യാംപസിലെ രാഷ്ട്രീയത്തെ ആയുധവല്‍ക്കരിച്ചത് സിപിഎമ്മും എസ്‌എഫ്‌ഐ യും ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്യാംപസില്‍ ഒരു കുഞ്ഞിന്റെയും രക്തം വീഴാന്‍ ആഗ്രഹിക്കാത്തൊരാളാണ് ഞാന്‍. ഞാന്‍ പഴയൊരു വിദ്യാര്‍ഥി നേതാവായിരുന്നു. കേരളത്തിലെ ക്യാംപസിനെ അധഃപതിപ്പിച്ചത് സിപിഎം ആണ്. ആ കാലത്തൊന്നും ക്യാംപസ് ഇങ്ങനെയായിരുന്നില്ല.
അഭിമന്യുവിന്റെ വധത്തെപ്പോലും സിപിഎം രാഷ്ട്രീയവത്ക്കരിച്ചു. അതിന്റെ പേരില്‍ പാര്‍ട്ടി പിരിച്ചത് നാലുകോടിയും വീട്ടില്‍ കൊടുത്തത് വെറും 35 ലക്ഷവുമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയവധം പോലും പാര്‍ട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട പാര്‍ട്ടി വളറെ തരം താഴ്ന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
