മുഖ്യമന്ത്രിയായ ‘മുഖ്യസ്ഥനെ’ കാണാന്‍ മമ്മദുണ്ണി മാഷെത്തി; പ്രിയ ഗുരുനാഥനെ ആദരവോടെ ആശ്ലേഷിച്ച്‌ പിണറായി

മലപ്പുറം > മലപ്പുറം ഗസ‌്റ്റ‌് ഹൗസിനുള്ളിലേക്ക‌് ജനനായകന്‍ പിണറായി എത്തുമ്ബോള്‍ പഴയ വിദ്യാര്‍ഥിയുടെ ചിത്രമായിരുന്നു കാത്തിരുന്ന മമ്മദുണ്ണി മാഷുടെ മനസില്‍. മുണ്ടിന്റെ അറ്റം പിടിച്ച‌് ബ്രണ്ണന്‍ കോളേജിനു മുന്നിലൂടെ പ്രിയ ശിഷ്യന്റെ നടത്തം ആ ഗുരുനാഥന്റെ കണ്ണിലിന്നും മായാതെയുണ്ട‌്. ഗസ‌്റ്റ‌്ഹൗസില്‍ മാഷെ കണ്ടതും പിണറായി നിന്നു, ഒന്നു പുഞ്ചരിച്ചു. അടുത്തെത്തിയ പഴയ അധ്യാപകനെ പിന്നെ ആദരവോടെ ആശ്ലേഷിച്ചു പലവട്ടം. കെടുതികളുടെ നിലയില്ലാക്കയത്തില്‍ മുങ്ങാതെ നാടിനെ കാത്ത ജനനായകന്റെ സ‌്നേഹാശ്ലേഷത്തില്‍ മമ്മദുണ്ണിമാഷിന്റെ മനംനിറഞ്ഞു, കണ്ണുകളും.

പഴമയും പ്രൗഡിയും പേറുന്ന ബ്രണ്ണനിലെ സമര തീക്ഷ‌്ണതയും സൗഹാര്‍ദവും കോറിയിട്ട പഴയ കോളജ‌്മാഗസിനുമായാണ‌് ആ അധ്യാപകന്‍ പ്രിയ ശിഷ്യനെ കാണാനെത്തിയത‌്. പിണറായിയുടെ സഹപാഠിയും ആത്മ സുഹൃത്തുമായിരുന്ന പ്രൊഫ. എന്‍ മുകുന്ദന്‍ ബ്രെണ്ണനൈറ്റ‌്സ‌് മാഗസിനില്‍ പിണറായിയെക്കുറിച്ച‌് എഴുതിയ ലേഖനം അദ്ദേഹം കാണിച്ചു. ഓലയമ്ബലം ആര്‍ സി അമല സ‌്കൂളിലെ പഴയ ഏഴാം ക്ലാസുകരനെ പറ്റി, ജീവിത വൈഷമ്യതയെക്കുറിച്ച‌്, ചക്കര സ‌്റ്റോറില്‍ ചക്കര തൂക്കി കൊടുത്തിരുന്ന നാളുകള്‍, അണ്ടല്ലുര്‍ കടവ‌് തോണിസമരം.. പോയ കാലത്തിന്റെ ഓര്‍മ ചിത്രങ്ങള്‍ ഏറെയുണ്ടായിരുന്നു ആലേഖനത്തില്‍. പിണറായി ഏറ്റവും നല്ല ബാഡ‌്മിന്റണ്‍ കളിക്കാരനായിരുന്നു എന്ന കാര്യവും പ്രാെഫ മുകുന്ദന്‍ ലേഖനത്തില്‍ അനുസ‌്മരിക്കുന്നുണ്ട‌്.

ഇടപെടുന്ന ഏതു കാര്യത്തിലും നായകത്വം പിണറായിക്കായിരുന്നു. അതിനാല്‍ മുഖ്യസ്ഥന്‍ എന്ന പേരും കിട്ടി. ‘മുഖ്യസ്ഥനില്‍ നിന്ന‌് മുഖ്യമന്ത്രി പദത്തിലേക്ക‌്’ എന്നാണ് ലേഖത്തിന്റെ തലക്കെട്ട‌്. ‘അന്ന് ഓലയമ്ബലം സ‌്കൂളില്‍ ചക്കരപാര്‍ടികളായി (ചക്കരച്ചെത്ത‌് തൊഴിലാളികളുടെ മക്കളായി) ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ലേഖകന്‍, പിണറായി വിജയന്‍, ചന്ദ്രന്‍, ബാലന്‍. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വീട്ടില്‍ ഉണങ്ങിയ ഓലയില്‍ പൊതിഞ്ഞ ചക്കര മൂന്നരയോടെ ഓലയമ്ബലത്തിലുള്ള ചക്കര സ‌്റ്റോറിലേക്ക‌്(കോ- ഓപറേറ്റീവ‌് സ‌്റ്റോര്‍)വീട്ടില്‍ ചെന്ന് എടുത്തു വരേണ്ടതുണ്ട‌്. അതിനാല്‍ മൂന്നുമണിക്ക‌്ഹെഡ‌്മാസ‌്റ്ററുടെ അനുവാദം വാങ്ങി വീട്ടിലേക്ക‌് പോകുകയാണ് പതിവ‌്…’ പ്രാരാബ്ധങ്ങളുടെ സ‌്കൂള്‍ കാലം അതില്‍ വരച്ചിടുന്നതിങ്ങനെയൊക്കെ.

‘മാഷെ നിങ്ങളിരുവരും തിരുവനന്തപുരത്തേക്ക‌് എന്നെ കാണാന്‍ വരാനിരുന്നതായിരുന്നു അല്ലേ? അതിനു മുമ്ബേ മുകന്ദന്‍ പോയില്ലേ’ മുകുന്ദന്റെ വേര്‍പാടിനെപറ്റി പറഞ്ഞപ്പോള്‍ പിണറായിയുടെ കണ്ണുനഞ്ഞതും മാഷ‌് ശ്രദ്ധിച്ചു. 2001ല്‍ അറേബ്യയിലെ സുല്‍ത്താന്‍ എന്ന പ്രസിദ്ധീകരണ്ത്തില്‍ ‘പിണറായി എന്റെ സ്വന്തം വിദ്യാര്‍ഥി’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പും മാഷ്‌ കാണിച്ചു. ‘ഉറച്ച നിലാടാണ് വിജയന് അന്നും. അപാരമായ ധൈര്യവും. അധ്യാപകരോട്‌ തികഞ്ഞ ബഹുമാനം. സഹപാഠികളും അഗീകരിക്കുന്ന പെരിമാറ്റം. തോണികടത്ത് മുടങ്ങുന്നതിനും കൂലി വര്‍ധനക്കും എതിരെ വിദ്യാര്‍ഥി സമരം നയിച്ചത് വിജയനായിരുന്നു. അന്നോളം ബ്രണ്ണണ്‍ കോളേജ‌് കണ്ടിട്ടില്ലാത്ത വിധം വലിയ ഒരു റാലിയും നടത്തി. ഞങ്ങള്‍ അധ്യാപകര്‍ക്കും വിജയനോടു വലിയ മതിപ്പ‌്. ‘ മമ്മദുണ്ണി മാഷ‌് ഒന്നും മറന്നിട്ടില്ല.

മലപ്പുറം മോങ്ങം സ്വദേശിയായ ബി മമ്മദുണ്ണി 1960- 70 ലാണ് ബ്രണ്ണനില്‍ പഠിപ്പിച്ചത‌്. പ്രീയൂണിവേഴ‌്സിറ്റിയിലും ബി എ ഇക്കണോമിക‌്സ‌ിലും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നു പിണറായി. ഇ അഹമ്മദ‌്, എ കെ ബാലന്‍ എന്നിവരെയും പഠിപ്പിച്ചിട്ടുണ്ട‌്. സ‌്പീക്കര്‍ പി ശ്രീരാമകൃഷ‌്ണന്‍, എല്‍ഡിഎഫ‌് കണ്‍വീനര്‍ എ വിജയരാഘവന്‍ തുടങ്ങിയവരും ശിഷ്യരാണ‌്.

കൊണ്ടോട്ടിയില്‍ കുഞ്ഞാലി സ‌്മാരകത്തിന്റെ ഉദ‌്ഘാടനത്തിന‌് പിണറായിയെ നേരില്‍ കണ്ടിരുന്നു. ഗസ‌്റ്റ‌് ഹൗസ‌് റിസപ‌്ഷനു മുന്നില്‍ നിന്ന് അകത്തെ 101 -ാം മുറിയിലേക്ക‌് മാഷെ ക്ഷണിച്ചിരുത്തിയ പിണറായി അവിടെവച്ച‌് കുറിപ്പുകള്‍ മുഴുവന്‍ വായിച്ചു. ഇടക്ക‌് മാഷിന‌് ചായ നല്‍കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി്യുടെ ദുരിതാശ്വാസ നിധിയിലേക്ക‌് 50,000 രൂപയുടെ ചെക്കും മമ്മദുണ്ണി മാഷ‌് കൈമാറി. ഒപ്പം ദുബായില്‍ വച്ച‌് കിട്ടിയ പേനയും. മകന്‍ സലാവുദ്ദീനൊപ്പമാണ് മാഷ്‌ വന്നത‌്. ഗസ‌്റ്റ‌് ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം മലപ്പുറം ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസും ഉണ്ടായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *