രണ്ടാം ലാപ്പിലേക്ക് ലീഗ്

മലപ്പുറം: വെട്ടും തിരുത്തുമായി മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇഴഞ്ഞുനീങ്ങുമ്പോള്‍ മൂന്നാഴ്ച മുമ്പേ കളത്തിലിറങ്ങിയ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ മിക്കവരും നിശബ്ദപ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പൗരപ്രമുഖരെയും കാരണവന്‍മാരെയും കണ്ട് ആശീര്‍വാദം നേടി ആരംഭിച്ച പ്രചാരണം കുടംബയോഗങ്ങളും പഞ്ചായത്ത് കണ്‍വെന്‍ഷനുകളുമായി മുന്നേറുകയാണ്. വിമതഭീഷണി നേരിട്ട മണ്ഡലങ്ങളില്‍ ഇവ പരിഹരിക്കാനും കോണ്‍ഗ്രസുമായി കടുത്ത ഭിന്നത നിലനില്‍ക്കുന്ന മണ്ഡലങ്ങളില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും ലീഗ് ഈ അവസരം പ്രയോജനപ്പെടുത്തി.

കോണ്‍ഗ്രസുമായി അനൈക്യം രൂക്ഷമായ താനൂര്‍, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നുവെന്നാണ് സൂചന. താനൂരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നേരിട്ടിറങ്ങിയാണ് പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുത്തത്. ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണത്തിനിറങ്ങിയാല്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന കടുത്ത താക്കീത് ആര്യാടന്‍ നല്‍കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ നിന്ന് മാറി ഇടതുസ്വതന്ത്രനായി പൊന്നാനി മണ്ഡലത്തില്‍ മത്സരിച്ച വി. അബ്ദുറഹ്മാനാണ് ഇവിടെ ഇടതുസ്ഥാനാര്‍ത്ഥിയാവുക എന്നതിനാലാണ് നേതൃത്വം നേരത്തെ രംഗത്തിറങ്ങിയത്. കോണ്‍ഗ്രസും ലീഗും തമ്മില്‍ കടുത്ത ഭിന്നതയുളള കൊണ്ടോട്ടി മണ്ഡലത്തിലും പ്രശ്‌നപരിഹാരത്തിന്റെ സൂചനകളായിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭയിലും വാഴക്കാട് പഞ്ചായത്തിലും ഇടതുമുന്നണിയുമായി കോണ്‍ഗ്രസ് അധികാരം പങ്കിടുന്നുണ്ട്. ഭരണമാറ്റം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞേ ചര്‍ച്ചയുണ്ടാവൂ എങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്. 27ന് ഇവിടെ യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നടക്കും. 24ന് പഞ്ചായത്തുകളില്‍ നേതൃതലചര്‍ച്ചയുണ്ടാകും.

മണ്ഡലത്തിന് പുറത്തുളള നേതാക്കളെ മത്സരിപ്പിക്കാനുളള തീരുമാനത്തിനെതിരെ വളളിക്കുന്നിലും കോട്ടയ്ക്കലിലും ഉയര്‍ന്ന വിമതഭീഷണിയും ലീഗ് നേതൃത്വം ഇടപെട്ട് പരിഹരിച്ചു. ഇവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളായ പി. അബ്ദുള്‍ ഹമീദ് മാസ്റ്ററും ആബിദ് ഹുസൈന്‍ തങ്ങളും മണ്ഡലത്തില്‍ അതിവേഗം സജീവമായി.
മറ്റു സ്ഥാനാര്‍ത്ഥികളും പ്രചാരണത്തില്‍ ഒട്ടും പിന്നിലല്ല. മിക്ക മണ്ഡലങ്ങളിലും പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാനാര്‍ത്ഥികളുടെ കൂറ്റന്‍ ഫഌക്‌സുകളും നിരന്നുകഴിഞ്ഞു. പരീക്ഷകളും മറ്റും ആസന്നമായതിനാല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചുളള പ്രചാരണത്തിനാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ പേരും പ്രാധാന്യം കൊടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് റെക്കാഡ് നേടിയ പി. ഉബൈദുളള എം.എല്‍.എ പോലും പ്രചാരണത്തിന്റെ കാര്യത്തില്‍ ഉഴപ്പാന്‍ തയ്യാറല്ല. മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി പരമാവധി ആളുകളിലേക്ക് നേരിട്ടെത്താനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കുടുംബയോഗങ്ങളും പാര്‍ട്ടി യോഗങ്ങളും ഇതിനകം നടന്നുകഴിഞ്ഞു. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച തന്നെ നിയോജകമണ്ഡലം കണ്‍വന്‍ഷനുകളും നടക്കും. നേരത്തെ പ്രചാരണം ആരംഭിക്കാനായത് തിരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍തൂക്കം നല്‍കുമെന്ന പ്രതീക്ഷയാണ് എം.എല്‍.എമാര്‍ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *