കോണ്‍​ഗ്രസുകാര്‍ പാകിസ്ഥാനില്‍ പോയി ഭീകരരുടെ മൃതദേഹങ്ങള്‍ എണ്ണട്ടെ; രൂക്ഷവിമര്‍ശനവുമായി രാജ്നാഥ് സിംഗ്

ബാലാകോട്ട്: പാകിസ്ഥാനിലെ ഭീകരക്യാംപില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ വിശദീകരണം തേടിയ കോണ്‍​ഗ്രസ് നീക്കത്തെ അപലപിച്ച്‌ കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ്. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ചോദ്യമുന്നയിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോയി മരിച്ചവരുടെ കണക്ക് എടുക്കണമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ”ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച്‌ അവിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിക്കുമോ? എന്ത് നാടകമാണ് ഇവിടെ നടക്കുന്നത്? കോണ്‍​ഗ്രസിലെ എന്റെ സുഹൃത്തുക്കള്‍ക്ക് കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കൃത്യമായി അറിയണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പാകിസ്ഥാനില്‍ പോയി പരിശോധിക്കാം.” ആസ്സാമിലെ ദുബ്രിയില്‍ പൊതുപരിപാടിയില്‍ പ്രസം​ഗിക്കവേ രാജ്നാഥ് സിം​ഗ് പറഞ്ഞു.

ബിജെപി ബാലാകോട്ട് ആക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോ​ഗിക്കുന്നുവെന്ന ആരോപണവുമായി കോണ്‍​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രം​ഗത്തുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ രാഷ്ട്രീയനേതാക്കളും അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബാലാകോട്ടില്‍ ആക്രമണം നടക്കുന്ന ദിവസം മുന്നൂറ് മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നു എന്ന എന്‍ടിആര്‍ഒ റിപ്പോര്‍ട്ടിനെയും സിം​ഗ് പരാമര്‍ശിച്ചു.

വ്യക്തമായ ധാരണയോടെയാണ് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അവിടെയുണ്ടായിരുന്ന മരങ്ങളാണോ മൊബൈല്‍ ഫോണ്‍ ഉപയോ​ഗിച്ചതെന്നും രാജ്നാഥ് സിം​ഗ് ചോദിച്ചു. മുന്നൂറിനടുത്ത് ഭീകരര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 250 ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *