സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

വയനാട് വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട നെറ്റി തുളച്ച്‌ മുന്നിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിനരികില്‍ നിന്നും തോക്കുകളും എട്ട് തിരകളും കണ്ടെത്തി.

അതേസമയം, പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍ പുറത്തെത്തിയിരുന്നു. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചത്. പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു.

എന്നാല്‍, വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നായിരുന്നു പൊലീസിന്റെ വാദം. പൊലീസ് തിരിച്ച്‌ വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസുകാര്‍ക്ക് പരിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐ ജി വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *