പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയത് വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ്; ഇമാം കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തില്‍ കയറ്റിയതെന്ന് പൊലീസ് പറയുന്നു. തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തില്‍ കുട്ടിയെ കണ്ടെന്നും വാക്കുതര്‍ക്കമുണ്ടായെന്നും ഇമാം മൊഴി നല്‍കി.

ഇന്നലെ മധുരയില്‍ നിന്നുമാണ് ഷെഫീക്ക് ഖാസ്മിയെയും സഹായി ഫാസിലിനെയും പിടികൂടിയത്. ഷെഫീക്ക് ഖാസ്മിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തേക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയാല്‍ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന.കോയമ്ബത്തൂര്‍, ഊട്ടി, വിജയവാഡ എന്നിവടങ്ങളിലാണ് ഇമാം ഫെഫീക്ക് ഖാസ്മി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇമാമിന്‍റെ സഹോദരന്‍ പെരുമ്ബാവൂര്‍ സ്വദേശിയായ നൗഷാദാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. ഒരു ലോഡ്ജില്‍ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘമായ റൂറല്‍ ഷാഡോ പൊലീസിന് പിടിവള്ളിയായത്.

ഇമാമിനൊപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്‍റെ കാറില്‍ പകല്‍ കറങ്ങിയ ശേഷം രാത്രിയില്‍ ലോഡ്ജില്‍ മുറിയെടുക്കുമായിരുന്നു. ഫാസിലിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് മുറിയെടുത്തത്. ഫാസിലിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഫെഫീക്ക് ഖാസ്മിയെ മറ്റുള്ളവരെ വിളിച്ചിരുന്നത്. സഹോദരനായ നൗഷാദിന്‍റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

നൗഷാദിനെ കോയമ്ബത്തൂരില്‍ നിന്നും പിടികൂടിയപ്പോഴാണ് ഇമാമിന്‍റെ സഹായത്തിനായി നില്‍ക്കുന്ന ഫാസിലിനെ കുറിച്ച്‌ പൊലീസ് അറിയുന്നത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇമാം മധുരയിലുണ്ടെന്ന് കണ്ടെത്തി. മധുരയില്‍ വാഹനത്തില്‍ കറങ്ങുമ്ബോഴാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇമാമിനെയും ഫാസലിനെയും പിടികൂടുന്നത്. കഴിഞ്ഞ മാസം 12നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് കേസെടുത്തത്. കീഴടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച്‌ ഇമാം മുങ്ങുകയായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *