ശബരിമല അക്രമം: 1097 കേസുകളില്‍ എല്ലാ ബി.ജെ.പി നേതാക്കളെയും പ്രതികളാക്കാന്‍ പൊലീസ് , തിരഞ്ഞെടുപ്പ് സമയത്ത് നിയമനടപടികളില്‍ കുരുങ്ങി നേതാക്കള്‍

യുവതികളുടെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടു നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 1097 കേസുകളിലും നേതാക്കളെയെല്ലാം പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മ്മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ.ടി.പി. സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന്‍ എം.പി, ആര്‍.എസ്.എസ് പ്രാന്ത് സംഘചാലക് പി.ഇ.ബി. മേനോന്‍ എന്നിവരെ എല്ലാ കേസുകളിലും പ്രതിയാക്കുമെന്ന് പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി പി.പി. അശോക് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ചില കേസുകളില്‍ ഇവരെ പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റു കേസുകളില്‍ നടപടികള്‍ തുടരുകയാണ്. ഹര്‍ത്താലില്‍ അക്രമമുണ്ടായാല്‍ ഉത്തരവാദികളായ നേതാക്കള്‍ 24 മണിക്കൂറിനകം പൊലീസ് സ്റ്റേഷനുകളില്‍ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാവണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഹാജരായില്ലെങ്കില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണം. നഷ്ടം ഇവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണം. ഹര്‍ത്താലില്‍ നഷ്ടമുണ്ടായിട്ടും നേതാക്കള്‍ സ്റ്റേഷനില്‍ ഹാജരായില്ല. അന്വേഷണത്തില്‍ അക്രമസംഭവങ്ങളില്‍ ഇവര്‍ക്കുള്ള പങ്കു വെളിപ്പെട്ടു. കടകള്‍ അടപ്പിക്കല്‍, ഗതാഗതം താറുമാറാക്കല്‍, എതിര്‍ പാര്‍ട്ടിക്കാരുടെ ഓഫീസ് തകര്‍ക്കല്‍, പൊലീസിനെ ആക്രമിക്കല്‍, കൃത്യനിര്‍വഹണത്തില്‍ പൊലീസിനെ തടയല്‍ തുടങ്ങിയവയുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജനുവരി രണ്ടിന് നടന്ന അക്രമങ്ങളില്‍ 38.52 ലക്ഷം രൂപയുടെ പൊതുമുതലും 1.06 കോടി രൂപയുടെ സ്വകാര്യമുതലും നശിപ്പിക്കപ്പെട്ടെന്ന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ജനുവരി രണ്ട്, മൂന്നു തീയതികളില്‍ നടന്ന അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്കും 141 സാധാരണക്കാര്‍ക്കും 11 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *