കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പി ടോം വടക്കനെ ഇറക്കിയേക്കും,​ തൃശൂരിലും ചാലക്കുടിയിലും സാദ്ധ്യത

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച്‌ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. വിജയസാദ്ധ്യതയുള്ള തൃശൂരിലോ ചാലക്കുടിയിലേ മത്സരിപ്പിക്കാനാണ് സാദ്ധ്യത. കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ മണിക്കൂറുകള്‍ക്ക് മുമ്ബാണ് ടോം വടക്കന്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.

നേരത്തെ,​ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അംഗത്വം നല്‍കിയതില്‍ ടോം വടക്കന്‍ നന്ദി അറിയിച്ചിരുന്നു.

തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച്‌ കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് അദ്ദേഹമായിരുന്നു. മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് ടോം വടക്കന്‍.

Leave a Reply

Your email address will not be published. Required fields are marked *