തിരുവനന്തപുരം: സീറ്റ് ലഭിക്കാതെ ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവാണ് ഇതു സംബന്ധിച്ചു സൂചന നല്‍കിയത്. ബിജെപിയുമായി സഹകരിക്കാന്‍ തയാറുള്ള ഏതു നേതാക്കളെയും സമ്മര്‍ദ്ദ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഏതു നേതാക്കളെയും പാര്‍ട്ടികളെയും സംബന്ധിച്ചാണ് ബിജെപി സംസരിക്കുന്നതെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ നിരവധി നേതാക്കളുമായും പാര്‍ട്ടികളുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇവരില്‍ പല നേതാക്കളും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാണ്. ജോസഫിന്റെ കാര്യത്തില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ബിജെപി തയാറാണ്. രാഷ്ട്രീയത്തില്‍ ഒന്നും അസാധ്യമല്ല- മുരളീധര്‍ റാവു പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബിജെപി ഗൗരവത്തോടെയാണു കാണുന്നതെന്നും സംസ്ഥാനത്ത് ബിജെപി പടിപടിയായി മുന്നേറ്റത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ മാത്രമല്ല, കേരളത്തിലും കോണ്‍ഗ്രസും സിപിഎമ്മും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
