മുനമ്ബം മനുഷ്യക്കടത്ത്; രാജ്യരഹസ്യങ്ങള്‍ കടത്തിയിട്ടില്ലെന്ന് ഉറപ്പുണ്ടോ? സ‍ര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസിന്‍റെ അന്വേഷണം എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്നും രാജ്യ രഹസ്യങ്ങള്‍ പുറത്തു പോയിട്ടില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോയെന്നും കോടതി ചോദിച്ചു.

നിലവിലെ അവസ്ഥയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിന് പരിമിതികള്‍ ഉണ്ട്. സംഭവം മനുഷ്യക്കടത്തല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് പറയുന്നതെന്നും കോടതി ചോദിച്ചു. ബോട്ടുടമ അനില്‍കുമാറടക്കം രണ്ട് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമ‍ശം.

മുനമ്ബത്തേത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെ പറഞ്ഞിരുന്നു. കേസില്‍ അന്വേഷണ സംഘം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഫോറിനേഴ്സ് ആക്‌ട് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

മുനമ്ബം തീരത്തു നിന്ന് ഇക്കഴിഞ്ഞ ജനുവരി 12 ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളില്‍ ഒരാളായ കോവളം സ്വദേശി അനില്‍ കുമാര്‍, ദില്ലിയില്‍ താമസമാക്കിയ ശ്രീലങ്കന്‍ തമിഴ് വംശജരായ പ്രഭു പ്രഭാകരന്‍, രവി സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ബോട്ട് അനില്‍കുമാറിന്‍റെ പേരിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്‌ പിന്നില്‍ എല്‍ടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞിരുന്നു. ഇതിനിടെ 2013 ലും മുനമ്ബത്ത് നിന്ന് 70 പേരെ ആസ്ത്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പ്രഭു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *