തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 19കാരി കവിതയെ കത്തി കൊണ്ട് കുത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്ത സഹപാഠിയായിരുന്ന അജിന്‍ റെജിക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പൊലീസ്. നേരത്തെ ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ഇന്നലെ മരിച്ച സാഹചര്യത്തിലാണ് യുവാവിനെതിരെ കൊലക്കുറ്റം ചുമത്തിയത്. കവിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി
തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ കവിത മരിച്ചത്.
രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. ഈ മാസം 12 നാണ് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിന്‍ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
അജിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. നിലവില്‍ അജിന്‍ റെജിന്‍ മാത്യു മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡിലാണ്.
പ്രതി അജിന്‍ പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പറഞ്ഞിരുന്നു. ഇതോടെ പെണ്‍ കുട്ടിയുടെ അച്ഛന്‍റെ ഫോണില്‍ വിളിച്ചും പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു.
