മലപ്പുറം: ഭക്ഷണവും വെള്ളവും നല്‍കാതെ മൂന്നര വയസുകാരിയെ കൊല്ലാകൊല ചെയ്‌ത് കുടുംബം. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദനത്തിനിരയായി ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ കണ്ണീര്‍ വറ്റും മുമ്ബാണ് മലപ്പുറത്തു നിന്നുള്ള ഞെട്ടിക്കുന്ന വിവരം. വെള്ളമോ ഭക്ഷണമോ കിട്ടാതെ ഇരുട്ടറയില്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാളികാവിലെ വീട്ടില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കുട്ടിയെ കണ്ടെത്താനായത്.
വീട്ടില്‍നിന്ന് ഒരു പെണ്‍കുട്ടിയുടെ നിര്‍ത്താതെയുള്ള നിലവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ചു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധന നടത്തിയത്. യുവതിയും അവരുടെ പ്രായമായ മാതാപിതാക്കളും മക്കളായ ഒന്‍പതും നാലരയും വയസുള്ള 2 ആണ്‍കുട്ടികളും രണ്ടും മൂന്നരയും വയസുള്ള 2 പെണ്‍കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.ഇതില്‍ 9 വയസുകാരന്‍ യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്.
വീട്ടിലെ ഇരുട്ടുമുറിയില്‍ തള്ളിയ കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചപ്പോഴാണ് ഒരു പെണ്‍കുട്ടി കൂടി വീട്ടിലുണ്ടെന്ന വിവരം പലരും അറിയുന്നത്. ആണ്‍കുട്ടികളെ ഇടയ്ക്കു പുറത്തുകാണാറുണ്ടെങ്കിലും ഇളയ പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.അതേസമയം, മര്‍ദനത്തിനിരയായ മൂന്നരവയസുകാരിയെ കുടുംബം കൈവിട്ടു. കുട്ടിയെ കൊണ്ടുപൊയ്‌ക്കൊള്ളാന്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോടു ആവശ്യപ്പെട്ടു. സാമ്ബത്തിക ബുദ്ധിമുട്ടാണ് കാരണമായി പറഞ്ഞത്.
സമീപത്തെ ആരാധനാലയത്തില്‍നിന്ന് സൗജന്യമായി നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ യുവതിയും 3 മക്കളും എത്താറുണ്ട്. നാട്ടുകാരെ വീട്ടിലേക്ക് കയറ്റാറില്ല. യുവതിയുടെ മാതാവ് മൂന്നര വയസുകാരിയെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും ഭക്ഷണം നല്‍കാറില്ലെന്നും പുറത്തിറങ്ങാന്‍ അനുവദിക്കാറില്ലെന്നുമാണ് സഹോദരങ്ങളുടെ മൊഴി. പലപ്പോഴായി മന്ത്രംചൊല്ലി ഊതിയ വെള്ളം നല്‍കിയിരുന്നതായും പറയുന്നു. സി.ഡബ്ല്യു.സി മുന്‍പാകെ ഹാജരാക്കിയ മൂന്നരവയസുകാരിയെ ശിശുപരിചരണ കേന്ദ്രത്തിലേക്കും രണ്ടു കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കും മാറ്റി. രണ്ടുവയസുകാരിയെ മാതാവിനൊപ്പം മറ്റൊരു മന്ദിരത്തിലേക്കയച്ചിട്ടുണ്ട്.
