എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വിശ്വാസം യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ 6 മാസത്തിനകം വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങും

പത്തനംതിട്ട: കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പെട്ടിയിലായ വോട്ടുമായി ഒരുമാസം കാത്തിരിക്കണം. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുംവരെ കൂട്ടിക്കിഴക്കലുകളുമായി പാര്‍ട്ടികളെല്ലാം സജീവമാണ്. അതിനിടെ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വിശ്വാസം ശരിയായാല്‍ ആറ് മാസത്തിനകം കേരളത്തിലെ പല മണ്ഡലങ്ങളിലും വീണ്ടും തെരഞ്ഞെടുപ്പ് വരും.

ഇരുമുന്നണികളില്‍ നിന്നുമായി ഒമ്ബത് എംഎല്‍മാരാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഇവരെല്ലാം വിജയിക്കുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫും യുഡിഎഫും പ്രകടിപ്പിക്കുന്നത്. അങ്ങനെയായാല്‍ ആറ് മാസത്തിനകം നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അതോടൊപ്പം നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന രണ്ട് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. കൂടാതെ രണ്ട് സീറ്റുകളിലെ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നുള്ള കേസ് സുപ്രീം കോടതിയിലുമുണ്ട്.

എല്‍ഡിഎഫിന്റെ ആറും യുഡിഎഫിന്റെ മൂന്നും എംഎല്‍എമാരാണ് പാര്‍ലമെന്റിലേക്ക് അംഗം കുറിച്ചിരിക്കുന്നത്. സിപിഎമ്മിലെ വീണാ ജോര്‍ജ് (പത്തനംതിട്ട), എ എം ആരിഫ് (ആലപ്പുഴ), എ പ്രദീപ്കുമാര്‍ (കോഴിക്കോട്), പി വി അന്‍വര്‍ (പൊന്നാനി), സിപിഎമ്മിലെ സി ദിവാകരന്‍ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാര്‍ (മാവേലിക്കര) എന്നിവരെ എല്‍ഡിഎഫും അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ (എറണാകുളം), കെ മുരളീധരന്‍ (വടകര) എന്നിവരെ യുഡിഎഫും കളത്തിലിറക്കിയിട്ടുണ്ട്. പി ബി അബ്ദുര്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് മഞ്ചേശ്വരവും കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായും ഒഴിഞ്ഞുകിടക്കുകയാണ്.
കൂടാതെ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന അഴീക്കോട് എംഎല്‍എ കെ എം ഷാജി, കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് എന്നിവരുടെ ഭാവിയും തുലാസിലാണ്. ഇവരെ നേരത്തെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നുവെങ്കിലും, ആനുകൂല്യങ്ങളൊന്നും കൈപ്പറ്റാതെ നിയമസഭ യോഗത്തില്‍ സംബന്ധിക്കുക മാത്രം ചെയ്യാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുടരുകയാണ് ഇരുവരും. ഇവരെ അയോഗ്യരാക്കുകയാണെങ്കില്‍ ഈ രണ്ട് മണ്ഡലങ്ങളിലും ചിലപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്.

ലോക്‌സഭയില്‍ മത്സരിച്ച എല്ലാവരും ജയിക്കാനുള്ള സാധ്യത തീരെയില്ലെങ്കിലും മൂന്നിലേറെ പേര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പാര്‍ലമെന്റിലേക്ക് പോകുമെന്നാണ് കരുതുന്നത്. നിയമസഭയില്‍ നിന്ന് രാജിവെച്ച്‌ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് ആറ് മാസത്തിനകം വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയേറെയാണ്. ആകെ അഞ്ചു നിയമസഭ മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ലയില്‍ നിന്ന് മൂന്ന് എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് എന്നിവരാണ് മത്സരരംഗത്തുള്ളത്. മൂവരും വിജയിച്ചാല്‍ പത്തനംതിട്ടക്കാര്‍ക്ക് വീണ്ടുമൊരു മിനി പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയുമെല്ലാം കാണാം.

Leave a Reply

Your email address will not be published. Required fields are marked *