ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. പൗരത്വം സംബന്ധിച്ച വിഷയത്തില്‍ കൃത്യമായ വിവരം അറിയിക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ രാഹുല്‍ മറുപടി നല്‍കണം.
ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് നിരവധി വര്‍ഷമായി സ്വാമി ആരോപിക്കുന്നുണ്ട്. 2016-ല്‍ സ്വാമിയുടെ ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞ രാഹുല്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ചു. ബിജെപി നേതാവ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
2003-ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കന്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുലെന്നാണ് സ്വാമിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയ പൗരത്വ വിഭാഗ ഡയറക്ടര്‍ ബി.സി. ജോഷി നോട്ടീസ് അയച്ചിരിക്കുന്നത്.
കന്പനിയുടെ രേഖകളിലും രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2015-നുശേഷം നിരവധി തവണ സ്വാമി ഈ വിഷയം ആരോപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നടപടിക്കു തയാറായിരുന്നില്ല. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് രാഹുലിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയയ്ക്കുന്നത്.
