കോല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റീസ് ഇന്ദിര ബാനര്‍ജി, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
ഹൗറയില്‍ യുവമോര്‍ച്ചയുടെ കണ്‍വീനറായ പ്രിയങ്ക ശര്‍മ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമത ബാനര്‍ജിയുടെ മുഖം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. സംഭവത്തില്‍ ഹൗറ സൈബര്‍ ക്രൈംബ്രാഞ്ചാണ് പ്രിയങ്കയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
