നെയ്യാറ്റിന്‍കര ആത്മഹത്യ ഒഴിവാക്കാമായിരുന്ന ദുരന്തം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം ഞെട്ടല്‍ ഉണ്ടാക്കിയെന്ന് മന്ത്രി തോമസ് ഐസക്. സര്‍ക്കാരിനോട് സമ്മതിച്ച മൊറട്ടോറിയം കാലത്ത് കര്‍ശനമായ ജപ്തി നടപടികളിലേയ്ക്ക് നീങ്ങാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായിട്ടുണ്ടെങ്കില്‍ അതിനുള്ള സാഹചര്യമെന്തെന്നതാണ് അതിഗൗരവതരമായ പ്രശ്നമാണ്. വായ്പത്തുക തിരികെ ലഭിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ ശ്രമിക്കുമ്ബോള്‍ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണം.

എന്തു ജപ്തി ചെയ്യേണ്ടി വന്നാലും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ പാടില്ല എന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. ഇവിടെ കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്ക് ശ്രമിച്ചതാണ് ഈ ദൗര്‍ഭാഗ്യകരമായ സാഹചര്യം സൃഷ്ടിച്ചത്. അത് വിശദമായി പരിശോധിച്ച്‌ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നിയമനടപടിയും ഉണ്ടാകുമെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.സ്ഥലത്തെ ജനപ്രതിനിധി കൂടി സാവകാശം ആവശ്യപ്പെട്ട് ഇടപെട്ടിരുന്നു. ആ അഭ്യര്‍ഥന ബാങ്ക് മാനിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാകുമായിരുന്നുവെന്നും ഐസക് പറയുന്നു.

തോമസ് ഐസകിന്റെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ഒരമ്മയും മകളും ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക കടങ്ങള്‍ മാത്രമല്ല, മറ്റു കടങ്ങള്‍ക്കും ഒക്ടോബര്‍ വരെ മൊറോട്ടോറിയത്തിന് ബാങ്കുകള്‍ സമ്മതിച്ചിരുന്നു. എസ്‌എല്‍ബിസിയില്‍ സര്‍ക്കാരിനു നല്‍കിയ ഉറപ്പ് ലംഘിച്ച്‌ ബാങ്ക് അധികൃതര്‍ കടുത്ത നടപടികളെടുത്തോ എന്നത് അതീവ ഗൗരവതരമായ പ്രശ്നമാണ്. ഇത് വിശദമായിത്തന്നെ പരിശോധിക്കും.

വായ്പയെടുത്ത് ഒരു തുകയും തിരിച്ചടയ്ക്കാതെ ബാങ്കിനെ കബളിപ്പിക്കുന്ന സമീപനം സ്വീകരിച്ച ഒരു കുടുംബമല്ല എന്നതാണ് മനസിലാക്കേണ്ടത്. തിരിച്ചടവിന് ബാക്കിയുള്ള തുക ആകെയുള്ള സമ്ബാദ്യം വിറ്റ് വീട്ടാന്‍ നെട്ടോട്ടമോടുകയായിരുന്നു അവര്‍. അതിനുള്ള സാവകാശം ലഭിക്കില്ലെന്ന തോന്നല്‍ ആ അമ്മയ്ക്കും മകള്‍ക്കും ഉണ്ടായത് എങ്ങനെയെന്നത് വിശദമായിത്തന്നെ പരിശോധിക്കണം. പ്രത്യേകിച്ച്‌ അവിടുത്തെ എംഎല്‍എ അവര്‍ക്കൊരു സാവകാശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലം കൂടിയുണ്ട്.

വായ്പത്തുക തിരികെ ലഭിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ ശ്രമിക്കുമ്ബോള്‍ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണം. എന്തു ജപ്തി ചെയ്യേണ്ടി വന്നാലും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ പാടില്ല എന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. ഇവിടെ കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്ക് ശ്രമിച്ചതാണ് ഈ ദൗര്‍ഭാഗ്യകരമായ സാഹചര്യം സൃഷ്ടിച്ചതെന്നതാണ് ആക്ഷേപം. അത് വിശദമായി പരിശോധിക്കും. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നിയമനടപടിയും ഉണ്ടാകും.

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബാങ്ക് മേധാവികളോട് ആവശ്യപ്പെടുകയാണ്. സര്‍ക്കാരിനു നല്‍കിയ ഉറപ്പ് പാലിക്കപ്പെടുക തന്നെ വേണം. മറ്റു കാര്യങ്ങള്‍ അടുത്ത എസ്‌എല്‍ബിസി യോഗത്തില്‍ തീരുമാനിക്കാം.

കോടാനുകോടികള്‍ കട്ടുമുടിച്ച്‌ നാടുവിടാന്‍ കാട്ടുകള്ളന്മാര്‍ക്ക് പഴുതും സംരക്ഷണവും നല്‍കിയവരാണ് കേന്ദ്രസര്‍ക്കാര്‍. ആ കൊള്ള മുതല്‍ തിരിച്ചു പിടിക്കാന്‍ വഴിയില്ലാതായതിന്റെ പ്രതിസന്ധിയും സമ്മര്‍ദ്ദവും ബാങ്കുകളുടെ മേലുണ്ട്. പക്ഷേ, പ്രളയക്കെടുതിയില്‍ നടുവൊടിഞ്ഞു കിടക്കുന്നവരെ ഊറ്റിപ്പിഴിഞ്ഞല്ല, കിട്ടാക്കടം നികത്തേണ്ടത്.

ലോണ്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടൊന്നും ആ കുടുംബം ബാങ്കിനെ സമീപിച്ചിട്ടില്ല. അവരാകെ ആവശ്യപ്പെട്ടത് അല്‍പം സാവകാശമാണ്. വീടും പറമ്ബും വിറ്റ് ബാങ്കിന്റെ കടംവീട്ടാന്‍ അവര്‍ നടത്തിയ ശ്രമം ആ നാട്ടുകാര്‍ക്കറിയാം.

എംഎല്‍എ ആവശ്യപ്പെട്ട സാവകാശം ആ കുടുംബത്തിനു നല്‍കിയിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു. സര്‍ക്കാരിനോട് സമ്മതിച്ച മൊറട്ടോറിയം കാലത്ത് കര്‍ശനമായ ജപ്തി നടപടികളിലേയ്ക്ക് നീങ്ങാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായിട്ടുണ്ടെങ്കില്‍ അതിനുള്ള സാഹചര്യമെന്തെന്നതാണ് അതിഗൗരവതരമായ പ്രശ്നം.

Leave a Reply

Your email address will not be published. Required fields are marked *