കോഴിക്കോട്: മൂന്നര വയസ്സുള്ള കുട്ടിയെ കോഴിക്കോട്ട് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന മകനെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ആരാണ് കുട്ടിയെ പരിക്കേല്‍പിച്ചതെന്ന് വ്യക്തമല്ല. യുവതിയും കാമുകനും ചേര്‍ന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ സുലൈഹയെയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. മുഖത്തിന്‍റെ ഒരു വശത്തും, മൂക്കിലും, കയ്യിലും കാലിലുമായാണ് പരിക്ക്.
കുട്ടിയുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്ന് അച്ഛന്‍റെ ബന്ധുക്കളും ആരോപിക്കുന്നു. അപകടം പറ്റിയതാണെന്നും അങ്ങനെയാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നുമാണ് കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും മൊഴി. എന്നാല്‍, കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകള്‍ പ്രഥമദൃഷ്ട്യാ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കള്‍ പറയുന്നു.
യുവതിയെയും കാമുകനെയും നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.വി പ്രദീപ് ചോദ്യം ചെയ്തു. സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അല്‍ത്താഫ്. ഏപ്രില്‍ 27-ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്. ഭര്‍ത്താവ് കോയമ്ബത്തൂര്‍ ശെല്‍വപുരം സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടയില്‍ സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധയ്ക്ക് വിധേയമാക്കി. അതിനിടയില്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്.
