ജയിലില്‍ നേരിടേണ്ടി വന്നത് ക്രൂര പീഡനം; മമതയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ്

ന്യൂഡല്‍ഹി: ജയിലില്‍ തനിക്ക് പീഡനം നേരിടേണ്ടി വന്നു എന്ന പരാതിയുമായി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മ. അഞ്ചുദിവസത്തിന് ശേഷം ജാമ്യം ലഭിച്ച പ്രിയങ്ക ഇന്ന് രാവിലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ജയിലര്‍ തന്നെ ആരോടും സംസാരിക്കാന്‍ അനുവദിച്ചില്ല. ജയിലിനുള്ളില്‍ വളരെ മോശമായ പെരുമാറ്റമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ തന്നെ ജയിലിനുള്ളില്‍ വെച്ച്‌ ശാരീരികമായി ഉപദ്രവിച്ചെന്നും ജയിലര്‍ പിടിച്ച്‌ ഉന്തിയെന്നും അവര്‍ ആരോപിച്ചു.

ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്ത് പ്രിയങ്ക ശര്‍മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയിലാണ് പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്നും പ്രിയങ്ക മമതയോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ മാപ്പ് പറയേണ്ടതില്ലെന്നുമാണ് പ്രിയങ്കയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *