പമ്ബ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന്റെ തുടക്കം മുതല്‍ ബി.ജെ.പി വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നതും, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ജയിച്ചുകയറാനായതും, മൂന്ന് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതുമാണ് തിരുവനന്തപുരത്ത് വാനോളം ജയപ്രതീക്ഷ വച്ച് പുലര്‍ത്താന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്.മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ച് തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാന്‍ ബി.ജെ.പിക്ക് ധൈര്യം പകര്‍ന്നതും ജയച്ചുകയറാം എന്ന പ്രതീക്ഷയായിരുന്നു.
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കൊച്ചിയില്‍ കൂടിയ പാര്‍ട്ടി തിരഞ്ഞെടുപ്പ് അവലോകന മീറ്റിംഗുകളിലും തിരുവനന്തപുരവും പത്തനംതിട്ടയും ഇക്കുറി താമര വിരിയുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പി നേതാക്കള്‍ പങ്ക് വച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ കുമ്മനം രാജശേഖരന്‍ പമ്ബയില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കവേ തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നതായി ആരോപിച്ചിരിക്കുകയാണ്. സി.പി.എമ്മില്‍ നിന്നും വന്‍തോതില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്കായി വോട്ട് മറിച്ചുവെന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇത്തരത്തില്‍ ആരോപണമുണ്ടായിരുന്നുവെങ്കിലും കുമ്മനത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ആരോപണം ആദ്യമായിട്ടാണ്. സി.പി.എം പാര്‍ട്ടി കേഡര്‍മാര്‍ അറിഞ്ഞുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടുകള്‍ മറിച്ചതെന്നും ഇത്തരത്തില്‍ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറയുന്നു. തലസ്ഥാന മണ്ഡലം ബി.ജെ.പി പിടിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുമ്മനത്തിന്റെ ഈ ആരോപണത്തിനോട് അടുത്ത് നില്‍ക്കുന്ന പ്രതികരണം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരില്‍ നിന്നും ഉണ്ടായിരുന്നു. വിവിധ ചാനലുകളില്‍ വന്ന സര്‍വ്വേ ഫലങ്ങളില്‍ തലസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ മുന്‍തൂക്കം തനിക്ക് നേട്ടമായി എന്നാണ് ശശി തരൂര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നതിന് ഇത് ഇടയാക്കി എന്ന വിശ്വാസമാണ് യു.ഡി.എഫ് ക്യാമ്ബിനുള്ളത്. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തരത്തില്‍ ശശിതരൂരിന് അനുകൂലമായെന്നും അവര്‍ കണക്ക് കൂട്ടുന്നു. തീരമേഖലയിലടക്കം മണ്ഡലത്തിലെ ഗ്രാമീണ മേഖലയിലുണ്ടായ ശക്തമായ പോളിംഗ് കോണ്‍ഗ്രസിന് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ നഗര മേഖലയിലെ ബി.ജെ.പി ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ശക്തമായിരുന്നില്ല എന്നതും താമര വിരിയില്ലെന്നതിന് കാരണമായി നിരത്തുന്നുണ്ട്.
