ഹൈടെക് സൈബര്‍ തട്ടിപ്പ് കേസ് : ഒരു കാമറൂണ്‍ സ്വദേശിയെ കൂടി മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന സംഘത്തില്‍ ഒളിവിലായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ ങ്കോ മിലാന്‍റേ ണ്ടാങ്കോ (26 വയസ്സ്) എന്നയാളെ മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദ് നീരദ്മേട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ വിസയിലാണ് പ്രതി ഇന്ത്യയില്‍ വന്നത്.
ഒരാഴ്ചയോളം ഹൈദരാബാദില്‍ താമസിച്ച പോലീസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവില്‍ പ്രതിയുടെ താമസസ്ഥലം ലൊക്കേറ്റ് ചെയ്ത ശേഷം പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.
ഓണ്‍ലൈന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കാമറൂണ്‍, നൈജീരിയ സ്വദേശികളടക്കം പന്ത്രണ്ട് പേരെയാണ് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാനങ്ങളിലുള്ളവരും, മറ്റ് രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ പ്രതികളുള്‍പ്പെട്ട സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലുള്ള കോളേജുകളില്‍ പഠനം നടത്താനെന്ന മട്ടിലും വൈദ്യസഹായങ്ങള്‍ക്കെന്ന പേരിലും വിസ സംഘടിപ്പിച്ച് വരുന്ന ഇത്തരം തട്ടിപ്പുകാര്‍ കോളേജുകളില്‍ കൃത്യമായി പോകാതെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ധനാപഹരണം നടത്തുകയാണ് ചെയ്യുന്നത്.
പ്രതിയുടെ വിസ ഒരു വര്‍ഷം മുമ്പ് കാലാവധി അവസാനിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടരന്വേഷമം നടത്തുന്നുണ്ട്.
മഞ്ചേരിയിലെ മെഡിക്കല്‍ മൊത്തവിതരണ സ്ഥാപന ഉടമയെ ഉത്പന്നം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയും പിന്നീട് ഇതേ സ്ഥാപനത്തിന്‍റെ പേരും റസീപ്റ്റുകളും വെബ്സൈറ്റും മറ്റും ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് മറ്റുള്ളവരില്‍ നിന്നും പണം തട്ടിയെടുത്തെന്ന കേസിന്‍റെ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
കേസിലെ പ്രതികള്‍ പഞ്ചാബ് ലുധിയാന, ഉത്തര്‍പ്രദേശിലെ ആഗ്ര, മധ്യപ്രദേശിലെ റീവ, ഗുജറാത്ത് അഹമ്മദാബാദ്, ഗോവ, ബാംഗ്ലൂര്‍, ഹൈദരാബാദ്, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍.ബി. ഷൈജു എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി.പി. മധുസൂദനന്‍, എം. ഷഹബിന്‍, കെ. സല്‍മാന്‍, സ്രാമ്പിക്കല്‍ ഷാക്കിര്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബര്‍ സെല്ലിലെ ജയചന്ദ്രന്‍, ത്വാഹിര്‍ എന്നിവരും അന്വേണസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *