കത്തിന് പിന്നില്‍ കെ ബി ഗണേഷന്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സരിത ഈയിടെ പുറത്തുവിട്ട കത്തിന് പിന്നില്‍ കെ.ബി ഗണേഷ് കുമാറെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണം കത്തില്‍ കൂട്ടിചേര്‍ക്കാന്‍ ഗണേഷ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറ്റില്ലെന്ന് മറുപടി നല്‍കി. മുഖ്യമന്ത്രിയെ താഴെയിറക്കുകയാണ് ഗണേഷിന്റെ ലക്ഷ്യം. സരിത എഴുതിയെന്ന് അവകാശപ്പെടുന്ന പുതിയ കത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമെന്നും ഇത് ആദ്യത്തെ കത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഫെനി പറയുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണം കൂട്ടിച്ചേര്‍ക്കാന്‍ ഗണേഷും അദ്ദേഹത്തിന്റെ പിഎ പ്രദീപ് കുമാറും ബന്ധുവായ മനോജും ചേര്‍ന്നാണ് പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം ഒമ്പതിന് പ്രദീപ് നേരിട്ട് എത്തിയാണ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നീട് ഗണേഷ് തന്നെ ഫോണിലും ബന്ധപ്പെട്ടു. മുഖ്യമന്ത്രി അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ കൂട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പറ്റില്ലെന്ന് താന്‍ മറുപടി നല്‍കി. കൂട്ടുനിന്നാല്‍ കാര്‍ പ്രതിഫലമായി നല്‍കാമെന്ന് പിഎ വാഗ്ദാനം ചെയ്തതായും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. സരിത എഴുതിയെന്ന് അവകാശപ്പെടുന്ന കത്ത് ഒരു വാര്‍ത്താചാനലാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയുള്ള ആരോപണങ്ങളാണ് കത്തിലുണ്ടായിരുന്നത്. ക്‌ളിഫ് ഹൌസില്‍വച്ച് മുഖ്യമന്ത്രി തന്നെ ലൈംഗീകമായി പീഡപ്പിച്ചുവെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നു പിന്നീടു ചാനലില്‍ പ്രത്യക്ഷപ്പെട്ടു സരിത അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ എല്ലാം മുഖ്യമന്ത്രി തള്ളി കളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *