കോഴിക്കോട്: യാത്രക്കാരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കല്ലട ബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. അന്തര്‍ സംസ്ഥാന ബസുകള്‍ നാളെ സമരം തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല. നോട്ടീസ് നല്‍കാതെയാണ് ബസുകളുടെ സമരം. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ പല സ്വകാര്യ ബസുകളും ചട്ടവിരുദ്ധമായാണ് സര്‍വീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ രണ്ടുമാസത്തിലധികമായി ബസ് വ്യവസായത്തെ തകര്‍ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
കല്ലട പ്രശ്നത്തിനുശേഷം ഓപറേഷന് നൈറ്റ് റൈഡേഴ്സ് എന്നപേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ദിവസേന അന്തര്‍സംസ്ഥാന ബസുകളില്‍നിന്ന് 10,000 രൂപ വീതം പിഴയീടാക്കുകയാണ്. കണ്ണൂരിലെ കണ്‍െവന്‍ഷന്‍ സെന്റര്‍ ഉടമയെപ്പോലെ തങ്ങളെയും ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് നടപടികള്‍.
കല്ലട ബസില്‍ നടന്ന സംഭവങ്ങള്‍ അവരുടെ മാനേജ്മെന്റിലെ പ്രശ്നമാണ്. വിഷയത്തില്‍ അസോസിയേഷനില്‍ അംഗമായ സുരേഷ് കല്ലടയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വാക്കാലുള്ള മറുപടി മാത്രമാണ് ലഭിച്ചത്. കുറ്റം ചെയ്തവരെ അദ്ദേഹം പിരിച്ചുവിട്ടെന്നാണ് അറിയിച്ചത്. ആകെയുള്ള ബസുകളില്‍ 30 ശതമാനം മാത്രമാണ് കല്ലടയുടേത്.
