മുത്തലാഖ് നിരോധന ബില്ലിനെ പിന്തുണയ്ക്കണം; വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുത്; മോഡി

ന്യൂഡെല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്നും വിശ്വാസവുമായി കൂട്ടിക്കുഴച്ച്‌ രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിലാഷമാണ് നയപ്രഖ്യാന പ്രസംഗത്തിന്റെ ഉള്ളടക്കം. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും മോഡി വ്യക്തമാക്കി.

പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള വികസന നയങ്ങളാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ജാതി, മത വ്യത്യാസങ്ങളില്ലാതെയാണ് രാജ്യത്തെ ജനങ്ങള്‍ എന്‍.ഡി.എ സര്‍ക്കാരിന് അനുകൂലമായി വിധിയെഴുതിയതെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നയതന്ത്ര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം നന്ദി പ്രമേയത്തിനിടെ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനും മോഡി മറന്നില്ല. അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തെ പരാമര്‍ശിച്ച മോഡി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തെ കടന്നാക്രമിക്കുകയായിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് രാജ്യത്തെ തടവറയാക്കി. ആ കളങ്കം കോണ്‍ഗ്രസിന് മായ്ക്കാനാകില്ല. നെഹ്‌റുഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയാറായില്ല. നരസിംഹറാവു, മന്‍മോഹന്‍ സിങ് എന്നിവരെ കോണ്‍ഗ്രസ് വിസ്മരിച്ചു.

പ്രണബ് മുഖര്‍ജിക്ക് ഭാരത രത്നം നല്‍കിയത് ബിജെപി സര്‍ക്കാര്‍ ആണ്. കോണ്‍ഗ്രസ് ചരിത്രനേതാക്കളെ മറന്ന പാര്‍ട്ടിയാണ്. സ്വാതന്ത്യസമരകാലഘട്ടത്തിലെ അതേ ഉത്സാഹമാണ് ഇപ്പോഴും വേണ്ടത്. ചവിട്ടി നില്‍ക്കുന്ന മണ്ണുമായുള്ള ബന്ധം പ്രതിപക്ഷത്തിന് നഷ്ടമായെന്നും മോഡി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ആഴങ്ങളിലേക്ക് വേരു പാകിയവരല്ല, അവര്‍ കുതിരപ്പുറത്തിരുന്ന് സഞ്ചരിക്കുന്നവരാണ്. അതുകൊണ്ടാണ് സ്വന്തം സര്‍ക്കാരുകള്‍ ചെയ്ത നല്ല കാര്യത്തെ പോലും അഭിന്ദിക്കാന്‍ അവര്‍ക്കു സാധിക്കാത്തത്. എന്നാല്‍ ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നവരോ വ്യതിചലിക്കുന്നവരോ അല്ല ഞങ്ങള്‍. മുന്നോട്ടു ഞങ്ങള്‍ കുതിക്കുക തന്നെ ചെയ്യുമെന്നും മോഡി പറഞ്ഞു.

130 കോടി ജനങ്ങളെ സേവിക്കുന്നത് വലിയ കാര്യമാണ്. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി. 70 വര്‍ഷത്തെ ബുദ്ധിമുട്ടുകള്‍ അഞ്ചു വര്‍ഷം കൊണ്ട് മാറ്റാന്‍ എളുപ്പമല്ലായിരുന്നു. പുതിയ ഇന്ത്യയ്ക്കായി ജനങ്ങള്‍ മാറാന്‍ തയ്യാറാണ്. ഇന്ത്യയെ അഞ്ച് ലക്ഷം കോടി രൂപ മൂല്യമുള്ള സമ്ബദ്വ്യവസ്ഥയാക്കാന്‍ സാധിക്കും. വികസന അജണ്ടയില്‍ തങ്ങള്‍ വെള്ളം ചേര്‍ക്കില്ലെന്നും കോണ്‍ഗ്രസിനെ ഒളിയമ്ബിട്ട് മോഡി പറഞ്ഞു. 

ചിലര്‍ അധികാരം നിലനിറുത്താന്‍ ഒരു ജൂണ്‍ 25ന് രാത്രി ഇന്ത്യയുടെ ആത്മാവിനെ ഞെരിച്ച്‌ തകര്‍ത്തെന്നും രാജ്യം മുഴുവന്‍ ജയിലാക്കി മാറ്റിയെന്നും മാധ്യമങ്ങളെ ചങ്ങലയ്ക്കിട്ടെന്നും മോഡി വിമര്‍ശിച്ചു. ജനാധിപത്യം സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ അടിയന്തരാവസ്ഥയ്ക്കെതിരെ വോട്ടു ചെയ്തു. ഇന്ത്യയുടെ ഭാവിക്കു വേണ്ടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജനം വോട്ടു ചെയ്തത്. 

തങ്ങള്‍ വിമര്‍ശകരെ ജയിലിലാക്കില്ല. ഷാബാനു കേസിലെ സുപ്രീംകോടതി വിധിയിലൂടെ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ലഭിച്ച അവസരം കോണ്‍ഗ്രസ് പാഴാക്കി. മുത്തലാഖ് ബില്‍ വഴി കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിന് മറ്റൊരു അവസരം നല്‍കുകയാണെന്നും സോണിയയെയും രാഹുലിനെയും മുന്നിലിരുത്തി അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഭരിച്ചപ്പോള്‍ രാജ്യം ഉയരങ്ങളിലെത്തിയെന്ന് ചിലര്‍ പറഞ്ഞു. ഉയരങ്ങളില്‍ എത്തിയവര്‍ നിലംമറന്നു. താഴെത്തട്ടിലെ ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. താഴെത്തട്ടില്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച പ്രധാനമന്ത്രി രാജ്യസഭയിലും മറുപടി പ്രസംഗം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *