ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സ്കൂളുകള്‍ പൂട്ടിക്കുന്ന വിഘടനവാദികള്‍ സ്വന്തം മക്കളെ വിദേശത്താണ് പഠിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. കശ്മീരിലെ 130 വിഘടനവാദി നേതാക്കളുടെ മക്കള്‍ വിദേശ രാജ്യങ്ങളിലാണ് പഠിക്കുന്നതും ജോലി ചെയ്യുന്നതും. അവരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക തെന്റ പക്കലുണ്ടെന്നും എന്നാല്‍ പേരുകള്‍ പുറത്ത് പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് കശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരുന്നതെന്ന പ്രതിപക്ഷത്തിെന്റ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സ്കൂളുകള്‍ പൂട്ടിക്കുകയും കുട്ടികളോട് കല്ലെറിയാന്‍ പറയുകയും ചെയ്യുന്നവരുടെ മക്കളും ബന്ധുക്കളുമാണ് വിദേശരാജ്യങ്ങളില്‍ കഴിയുന്നത്. ഒരു വിഘനവാദി നേതാവിന്‍െറ മകന്‍ സൗദിയില്‍ ജോലിചെയ്യുന്നത് 30 ലക്ഷം രൂപയോളം മാസവരുമാനത്തിലാണ്. 90 ശതമാനം നേതാക്കളുടെയും കുടുംബവും ബന്ധുക്കളും കഴിയുന്നത് ഗള്‍ഫ് രാജ്യങ്ങളിലോ പാകിസ്താനിലോ ആണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
വിഘനവാദി, തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്താനില്‍ നിന്നും ഫണ്ട് ഒഴുകുന്നത് തടയാന്‍ യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഫണ്ട് വരുന്ന വഴി അടച്ചു. തീവ്രവാദ ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ 31 കേസുകളാണ് അന്വേഷിക്കുന്നത്. ഇതില്‍ 24 വിഘടനവാദി നേതാക്കള്‍ ജയിലിലാണെന്നും അമിത് ഷാ പറഞ്ഞു.
