ശിഹാബ് തങ്ങളുടെ വാച്ചുകളുടെ പരിപാലകന്‍ വീണ്ടും പാണക്കാട്ട്‌

മലപ്പുറം- ആ വാച്ചുകള്‍ ഒരിക്കലും നിലക്കരുതെന്ന് നിസാറുദ്ദീന് നിര്‍ബന്ധമുണ്ട്. തിരുവനന്തപുരത്തു നിന്ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ അദ്ദേഹം എത്തിയത് ഈ നിര്‍ബന്ധം മൂലമാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ ദിനത്തിലാണ് ഇത്തവണ നിസാറുദ്ദീന്‍ കൊടപ്പനക്കലില്‍ എത്തിയത്. ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലെ വാച്ചുകള്‍ റിപ്പയര്‍ ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിയായ നിസാറുദ്ദാനായിരുന്നു. തങ്ങള്‍ വിടപറഞ്ഞിട്ട് പത്തുവര്‍ഷം തികഞ്ഞ ഇന്നലെ നിസാറുദ്ദീന്‍ കൊടപ്പനക്കലില്‍ എത്തിയത് യാദൃശ്ചികമായിട്ടായിരുന്നു.

ശിഹാബ് തങ്ങളുടെ വാച്ച് ശേഖരം ഏറെ പ്രശസ്തമായിരുന്നു. സ്വദേശത്തും വിദേശത്തും യാത്ര ചെയ്യുമ്പോള്‍ തങ്ങള്‍ വില കൊടുത്ത് വാങ്ങിയവയും സ്‌നേഹസമ്മാനമായി ലഭിച്ചവയും ഇവയിലുണ്ട്. 150 രൂപ മുതല്‍ ലക്ഷങ്ങള്‍ വിലവരുന്ന വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്. ഈ വാച്ചുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി നിസാറുദ്ദീനെയാണ് ശിഹാബ് തങ്ങള്‍ വിളിച്ചിരുന്നത്. കൊരമ്പയില്‍ അഹമ്മദ് ഹാജിയുമായുള്ള പരിചയമാണ് നിസാറുദീനെ തങ്ങളുമായി അടുപ്പിച്ചത്. ഏതെങ്കിലും ഒരു വാച്ച് കേടായാല്‍ തങ്ങളുടെ വിളി നിസാറുദ്ദീനെ തേടിയെത്തുകയും ചെയ്യും.

തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് വിദേശത്തേക്ക് ജോലി തേടിപ്പോയ നിസാറുദ്ധീന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. തങ്ങളുടെ മരണശേഷവും പാണക്കാട് കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നു.

ശിഹാബ് തങ്ങള്‍ക്ക് വാച്ചുകളോടുള്ള സ്‌നേഹവും കരുതലും നിസാറുദ്ദീന്‍ അനുസ്്മരിച്ചു. വാച്ചുകള്‍ നന്നാക്കാനായി പാണക്കാട് എത്താന്‍ തങ്ങള്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. റിപ്പയറിംഗ് നടത്തുമ്പോള്‍ തങ്ങള്‍ ശ്രദ്ധയോട് നോക്കിയിരിക്കും. ഓരോ വാച്ചുകളും തങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. നിസാറുദ്ദീന്‍ പറഞ്ഞു.തങ്ങളുട കാലശേഷം മകന്‍ മുനവ്വറലി ശിഹാബ് തങ്ങളാണ് വാച്ചുകള്‍ സൂക്ഷിച്ചുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *