ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വഫയുടെ മൊഴി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിക്കാനിടയായ വാഹനപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ സുഹൃത്ത് വഫ ഫിറോസിന്‍റെ മൊഴി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്നാണ് വഫ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമിത വേഗതയിലാണ് അദ്ദേഹം കാര്‍ ഡ്രൈവ് ചെയ്തത്. വേഗത കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ശ്രീറാം ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും വഫ നല്‍കിയ മൊഴിയില്‍ പറയുന്നു.

സംഭവം നടന്ന അന്ന് തന്നെ വഫയുടെ മൊഴി പോലീസ് മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിരുന്നു. ശ്രീറാമിന്‍റെ രക്തപരിശോധനാഫലം പുറത്തുവന്നപ്പോള്‍ രക്തത്തില്‍ മദ്യത്തിന്‍റെ അംശം ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. അപകടം നടന്ന് ഒന്‍പത് മണിക്കൂറിന് ശേഷം ശേഖരിച്ച രക്തമാണ് പോലീസ് പരിശോധനയ്ക്ക് അയച്ചത്. ഇതാണ് രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താന്‍ കഴിയാതിരുന്നതിന്‍റെ കാരണം.

എന്നാല്‍ വഫയുടെ മൊഴി പുറത്തുവന്നതോടെ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. കേസിലെ പ്രധാന സാക്ഷിയാണ് വാഹനത്തില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ.

Leave a Reply

Your email address will not be published. Required fields are marked *