കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നഗരസഭ പുറത്തുവിട്ടു. ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി.
ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിക്കുകമാത്രമാണ് ചെയ്തതെന്നും, ഇക്കാര്യത്തില്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും മരട് നഗരസഭ സെക്രട്ടറി എം ആരിഫ്ഖാന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം ഫ്‌ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം മാത്രമാണ് നഗരസഭ പ്രവര്‍ത്തിക്കുന്നതെന്ന് നഗരസഭ ചെയര്‍ പേഴ്‌സ്ണും പ്രതികരിച്ചു.
ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകില്ലെന്നും, ചട്ടപ്രകാരമുള്ള കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമെ തുടര്‍ നടപടികളുണ്ടാകു എന്നും മരട് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ പശ്ച്ചാത്തലത്തില്‍ പൊളിച്ച്‌മാറ്റാന്‍ നിര്‍ദേശിച്ച ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ നാളെ വൈകിട്ടോടെ പൂര്‍ണമായി ഒഴിഞ്ഞ് പോകണമെന്നാണ് മരട് നഗര സഭ നിര്‍ദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച്ച തന്നെ ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികളിലേക്ക് നീങ്ങുമെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികളിലേക്ക് നഗരസഭ നീങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്നും, ഇക്കാര്യത്തിലുള്ള തുടര്‍ നടപടികളും സര്‍ക്കാര്‍ പറയുന്നതനുസരിച്ചായിരിക്കുമെന്നും മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഫ്‌ളാറ്റില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം എന്ത് നടപടി സ്വീകരിച്ചു എന്നറിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.
