വാഷിങ്ടണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൗഡി മോദി പരിപാടിയില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പങ്കെടുക്കും. സെപ്റ്റംബര്‍ 22ന് നടക്കുന്ന പരിപാടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആദ്യമായാണ് യു.എസ് പ്രസിഡന്‍റും ഇന്ത്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി റാലിയെ അഭിസംബോധന ചെയ്യുന്നത്.
ജി20, ജി7 ഉച്ചകോടികളില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ട്രംപും മോദിയും തമ്മിലുള്ള തുടര്‍ച്ചയായ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. അമേരിക്കയിലെ 50,000 ഇന്ത്യക്കാര്‍ ആണ് ഹ്യൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘നിങ്ങള്‍ എങ്ങനെ ചെയ്യും’ എന്നതിന്‍െറചുരുക്കമാണ് ഹൗഡി. തെക്കുപടിഞ്ഞാറന്‍ അമേരിക്കയില്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണിത്.
യു.എസില്‍ വെച്ച് ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരെ ഒരു അമേരിക്കന്‍ പ്രസിഡന്‍റ് അഭിസംബോധന ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ത്യയും യു.എസും തമ്മിലുള്ള സൗഹൃദത്തിന്‍െറയും സഹകരണത്തിന്‍െറയും പ്രതിഫലനമാണിതെന്ന് യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്‌ല പി.ടി.ഐയോട് പറഞ്ഞു. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് കോണ്‍ഗ്രസ് നേതാക്കളും പരിപാടിക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
