മലപ്പുറം: മോഷണം നടത്തിയ ശേഷം കടയുടെ ഉടമയെ ഫോണില്‍ വിളിച്ച് കടയടക്കാന്‍ നിര്‍ദ്ദേശിച്ച് കള്ളന്‍. മോഷണം നടത്താന്‍ വേണ്ടി തുറന്ന കട പഴയത് പോലെ അടക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കള്ളന്‍ ആശങ്കയിലായിലായിരുന്നു. തുടര്‍ന്നാണ് വഴിപോക്കനെന്ന എന്ന ഭാവേന കടയില്‍ എഴുതി വച്ചിരുന്ന നമ്ബറില്‍ ഇയാള്‍ കടയുടമയെ ഫോണില്‍ വിളിച്ചു. ‘നിങ്ങളുടെ കട തുറന്നു കിടക്കുകയാണ്…അടച്ചേക്കണേ…’ എന്നാണ് കള്ളന്‍ ഇയാളോട് പറഞ്ഞത്. ഇയാളുടെ ഫോണ്‍ വിളിയെ തുടര്‍ന്ന് പരിഭ്രാന്തനായ കടയുടമ തന്റെ കടയിലേക്ക് ഇരച്ചെത്തി. പരിശോധന നടത്തിയപ്പോള്‍ 12,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നും മോഷണം പോയതായി കണ്ടെത്തി.
എന്നാല്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കടയുടമ ശരിക്കും ഞെട്ടിയത്. തന്നെ ഫോണ്‍ ചെയ്ത ആള്‍ തന്നെയാണ് കടയില്‍ മോഷണം നടത്തിയത് എന്ന് അപ്പോഴാണ് കടയുടമയ്ക്ക് മനസിലായത്. എന്നാല്‍ ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ വന്‍ ട്വിസ്റ്റ് പുറത്തായി. കള്ളന്‍ തന്റെ ഒരു പരിചയക്കാരനോടൊപ്പമാണ് മോഷണം ആസൂത്രണം ചെയ്തത്. പിടിക്കപ്പെട്ടാല്‍ കുറ്റം ഏറ്റെടുക്കാന്‍ കള്ളന്‍ പരിചയക്കാരനോട് ആവശ്യപ്പെടുകയും അതിന് പാരിദോഷികമായി 2000 രൂപ നല്‍കാം എന്ന് പറയുകയും ചെയ്തിരുന്നു. ഇങ്ങനെ തനിക്ക് രക്ഷപ്പെടാം എന്നാണ് കള്ളന്‍ കരുതിയിരുന്നത്.
താന്‍ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അതിനു വേണ്ടിയാണ് മോഷണം നടത്തുന്നതെന്നും പണത്തിന് ആവശ്യം വരുമ്ബോള്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രം മോഷ്ടിക്കുന്നതാണ് തന്റെ രീതിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതേ കടയില്‍ തന്നെ മുന്‍പ് രണ്ടുതവണ താന്‍ മോഷണം നടത്തിയിരുന്നെന്നും മോഷണം നടത്തിയ ശേഷം വാതില്‍ പൂട്ടി പോരുകയാണ് ചെയ്തിരുന്നതെന്നും കള്ളന്‍ കുറ്റസമ്മതം നടത്തി. ഏതായാലും മോഷ്ടിച്ച മൊബൈല്‍ ഫോണുകളുടെ പണം കള്ളന്‍ തിരികെ നല്‍കണം എന്ന ധാരണയില്‍ തന്റെ പരാതി പിന്‍വലിച്ചിരിക്കുകയാണ് കടയുടമ.
