കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പാലം പൊളിക്കേണ്ടി വരുമെന്നത് വസ്‌തുതയാണെന്ന് പറഞ്ഞ കോടതി കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി.
ടി.ഒ സൂരജിന് പുറമേ പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ തീരുമാനം താന്‍ നടപ്പാക്കു മാത്രമാണ് ചെയ്‌തതെന്ന് ടി.ഒ സൂരജ് കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടെന്നായിരുന്നു വിജിലന്‍സ് കോടതിയെ അറിയിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന സൂരജിനെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കു വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ കുരുക്കിലാക്കിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. മാത്രമല്ല, കരാര്‍ കമ്ബനിക്ക് വേണ്ടി സൂരജ് ഗൂഢാലോചന നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
അതേസമയം, ഫ്‌ളൈഓവര്‍ അഴിമതിക്കേസിലെ ഒന്നാം പ്രതി ആര്‍.ഡി.എസ് പ്രൊജക്‌ട് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിനെയും പ്രത്യേക അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്‌തേക്കും. സുമത് ഗോയലാണ് ഗൂഢാലോചനയുടെ അച്ചുതണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍, ടി.ഒ സൂരജിനൊപ്പം സുമിത് ഗോയലിനെ ചോദ്യം ചെയ്യില്ലെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. ചില വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. ആര്‍.ഡി.എസിലെ ചില ഉദ്യോഗസ്ഥരെയും ഉടന്‍ ചോദ്യം ചെയ്യും.
സുമത് യോഗലിന് എല്ലാം അറിയാം
പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിക്കേസില്‍ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ ആര്‍ക്കെല്ലാം അഴിമതിയില്‍ പങ്കുണ്ടെന്ന് ഒന്നാം പ്രതി സുമിത് ഗോയലിന് അറിയാമെന്ന് വിജിലന്‍സ്. സുമിത് ഗോയല്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ.എസ്. പി ആര്‍. അശോക്കുമാര്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം പറയുന്നത്.സുമിത് ഗോയല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പൊതുസേവകര്‍ക്ക് ഏതു മാര്‍ഗത്തിലാണ് കൈക്കൂലി നല്‍കിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉന്നത രാഷ്ട്രീയ നേതാക്കളില്‍ നിന്ന് പ്രശ്നമുണ്ടാകുമെന്ന് ഭയന്നാണാണിത്. സുമിത് ഗോയലിന്റെ ബാങ്ക്, കമ്ബ്യൂട്ടര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്നും ജാമ്യം അനുവദിച്ചാല്‍ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളെ രക്ഷപ്പെടാന്‍ ഇയാള്‍ സഹായിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി. അതേസമയം, ഫ്‌ളൈഓവര്‍ നിര്‍മ്മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന സുമിത് ഗോയലിന്റെ വാദം ശരിയല്ല. പിടിച്ചെടുത്ത രേഖകളിലൊന്നും ഇതിന് തെളിവില്ല. വേഗം പണിതീര്‍ക്കാന്‍ നിര്‍ബന്ധിച്ചതിനാലാണ് മുന്‍കൂര്‍ പണം വാങ്ങിയതെന്ന വാദവും ശരിയല്ലെന്ന് വിജിലന്‍സിന്റെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നുണ്ട്.
പണം വാങ്ങി കടം വീട്ടി
കുറഞ്ഞ തുകയ്ക്ക് ഫ്‌ളൈഓവര്‍ നിര്‍മ്മാണ കരാര്‍ എറ്റെടുത്ത സുമിത് ഗോയല്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ തുക വാങ്ങി ആര്‍.ഡി.എസ് പ്രൊജക്‌ട്സ് എന്ന കരാര്‍ കമ്ബനിയുടെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വിനിയോഗിച്ചതായാണ് വിജിലന്‍സ് കണ്ടത്തല്‍. ഇങ്ങനെ പണം തിരിമറി ചെയ്തതോടെ ഫ്‌ളൈഓവര്‍ നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. ഖജനാവിന് നഷ്ടമുണ്ടാക്കിയതിനു പുറമേ പാലം അപകടത്തിലായതും ഇതേതുടര്‍ന്നാണ്. അതേസമയം, സുമിത് പൊതുസേവകരെ ഒപ്പം നിറുത്താന്‍ കൈക്കൂലി നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
