ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു രാജിവച്ച റിട്ട. ജസ്റ്റിസ് താഹില്‍ രമണിക്കെതിരേ സിബിഐ അന്വേഷണം. താഹില്‍ രമണിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സിബിഐക്കു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്കി. തമിഴ്നാട്ടിലെ ഒരു മന്ത്രിക്കെതിരായ തട്ടിപ്പുകേസില്‍ പണം വാങ്ങി വിധി പ്രഖ്യാപിച്ചെന്നാണു കേസ്.
താഹില്‍ രമണി ചെന്നൈയില്‍ ഫ്ളാറ്റ് സ്വന്തമാക്കിയെന്നും വസ്തു വാങ്ങാന്‍ കൈക്കൂലി പണമാണ് ഉപയോഗിച്ചതെന്നു ആരോപിക്കപ്പെടുന്നു. 3.18 കോടി രൂപയുടെ രണ്ട് ഫ്ളാറ്റുകളാണു താഹില്‍ രമണി വാങ്ങിയത്. ഇതില്‍ ഒന്നരക്കോടി വായ്പയെടുത്തതാണ്. ബാക്കി തുകയുടെ സ്രോതസ് വെളിപ്പെടുത്തിയിട്ടില്ലെന്നു സിബിഐ ചൂണ്ടിക്കാട്ടുന്നു.
മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണു താഹില്‍ രമണി രാജിവച്ചത്. ഇതിനെതിരേ താഹില്‍ രമണി അപ്പീല്‍ നല്‍കിയെങ്കിലും ഹര്‍ജി സുപ്രീംകോടതി കൊളീജിയം തള്ളി. രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണു വിജയ താഹില്‍ രമണി.
